റമസാൻ കാലത്ത് തണ്ണിമത്തൻ കച്ചവടത്തിന്‍റെ തിരക്കിലാണ് വണ്ടൂർ കൃഷി ഓഫീസർ ടി. ഉമ്മർകോയയും സംഘവും. കൃഷിഭവന്റെ നേതൃത്വത്തിൽ രാസവളങ്ങൾ ഉപയോഗിക്കാതെ പരീക്ഷണ കൃഷി ഇറക്കിയ തണ്ണിമത്തനുകളാണ് വിൽപന നടത്തുന്നത്.
വണ്ടൂർ കൃഷിഭവന്റെ നേതൃത്വത്തിൽ കാരാട് സ്വദേശി നസറും, ശാന്തിനഗർ സ്വദേശി യൂസഫലിയും. പാട്ടത്തിനെടുത്ത മൂന്ന് ഏക്കറിലാണ് തണ്ണിമത്തൻ കൃഷി ഇറക്കിയത്. പാട്ട ഭൂമിയിലിറക്കിയ കൃഷിയിലാണ് ഇരുവരും ഭാഗ്യം പരീക്ഷിച്ചത്. ജൂബിലി കിംഗ് ഇനത്തിൽപ്പെട്ട തണ്ണിമത്തനാണ് കൃഷി ചെയ്തത്. കനത്ത ചൂടും കൃഷിക്ക് അനുകൂലമായി. പരീക്ഷണ കൃഷി വിജയമായതോടെ അടുത്തവർഷം ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കാതെ, വണ്ടൂർ ബ്ലോക്ക് പരിധിക്ക് വേണ്ട, തണ്ണിമത്തനുകൾ വണ്ടൂർ കൃഷിഭവന് കീഴിൽ ഉൽപ്പാദിപ്പിക്കാനാണ്, കൃഷിഭവന്‍റെ തീരുമാനം
പൊതു വിപണിയെ അപേക്ഷിച്ച് അഞ്ചുരൂപ വിലക്കുറവിലാണ് തണ്ണിമത്തൻ കൃഷിഭവൻ മുറ്റത്ത് വച്ച് വിറ്റഴിച്ചത്. 5 ടണ്ണോളം തണ്ണിമത്തുകൾ ഇതിനകം വിറ്റഴിച്ചു കഴിഞ്ഞു. തണ്ണിമത്തന് മികച്ച രുചിയും വിലക്കുറവും ഉള്ളതിനാൽ മുഴുവൻ തണ്ണിമത്തനും വിറ്റഴിക്കാൻ കൃഷി ഓഫീസർക്കായി.