മലപ്പുറം തവനൂരിൽ ഭാരതപ്പുഴക്ക് പുറകെ നിർമിക്കുന്ന പാലത്തിൻറെ പ്രാരംഭ ജോലികൾ ആരംഭിച്ചത് സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ നടത്തിയ ഭൂമി പൂജയോടെ. പാലത്തിൻറെ അപ്രോച്ച് റോഡ് നിർമാണ ജോലികൾക്ക് തുടക്കം കുറിച്ചാണ് ഭൂമി പൂജയും തേങ്ങ ഉടക്കലും നടന്നത്.
തിരുനാവായ തവനൂർ പാലം നിർമാണത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചായിരുന്നു ഭൂമിപൂജ. കരാർ കമ്പനിയായ ഊരാലുങ്കൽ സൊസൈറ്റി പ്രതിനിധികളും സിപിഎം നേതാക്കളും പങ്കെടുത്ത ചടങ്ങിലാണ് നാക്കിലയിൽ അരിയും പഴവും വച്ച് വിളക്കും ചന്ദനത്തിരിയും കൊളുത്തി ഭൂമിപൂജയും നിർമാണ തടസം ഒഴിവാക്കാൻ തേങ്ങയും ഉടച്ചത്. സിപിഎം തവനൂർ ഏരിയ കമ്മിറ്റി അംഗവും തവനൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ടി വി ശിവദാസനാണ് പൂജയ്ക്ക് ശേഷം ആദ്യം തേങ്ങ ഉടച്ചത്. തുടർന്ന് പാർട്ടി അംഗവും തവനൂർ പഞ്ചായത്ത് പ്രസിഡണ്ടുമായ സി.പി. നസീറ അടക്കമുള്ള ഏഴുപേർ കൂടി തേങ്ങ ഉടച്ചു.
അഞ്ചാം വാർഡ് അംഗവും സിപിഎം ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ വിമൽ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. നേതാക്കളുടെ നേതൃത്വത്തിൽ നടന്ന പൂജയുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പാർട്ടി നേതാക്കളുടെ പൂജയെ പരിഹസിച്ച് കോൺഗ്രസ് രംഗത്ത് എത്തിയിട്ടുണ്ട്. എന്നു മുതലാണ് സിപിഎമ്മിനെ വിഘ്നത്തിൽ വിശ്വാസം വന്നുതുടങ്ങിയതെന്ന് ചോദ്യമാണ് കോൺഗ്രസ് നേതൃത്വം ഉന്നയിച്ചത്.