sfi-protest

TOPICS COVERED

ഒറ്റപ്പാലം എൻഎസ്എസ് കോളജിൽ വിദ്യാർഥികൾക്ക് നൽകിയ ഹാജറിൽ വിവേചനം ആരോപിച്ച്‌ എസ്എഫ്ഐയുടെ പ്രതിഷേധം. ചിലർക്ക് അധികമായി ഹാജർ നൽകിയപ്പോൾ മറ്റു ചിലരെ ബോധപൂർവം അവഗണിച്ചെന്ന് ആരോപിച്ചാണ് എസ്എഫ്ഐ പ്രവർത്തകർ പ്രിൻസിപ്പലിന്റെ ഓഫിസിനു മുന്നിൽ പ്രതിഷേധിച്ചത്.

 

ജില്ലാ ലീഗ് ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കാൻ പോയ വിദ്യാർഥിക്ക് അവകാശപ്പെട്ട ഹാജർ പോലും നൽകിയില്ലെന്നാണു പരാതി. മറ്റു പല വിദ്യാർഥികൾക്കും സമാനമായ രീതിയിൽ അർഹമായ ഹാജർ ലഭിച്ചില്ലെന്നും യൂണിയൻ ഭരിക്കുന്ന വിദ്യാർഥി സംഘടനയിൽ ഉൾപ്പെട്ട ചിലർക്ക് അനർഹമായ പരിഗണന നൽകിയെന്നുമാണ് ആരോപണം.

ഹാജർ നിഷേധിക്കപ്പെട്ട ചിലർ സർവകലാശാലയുടെ നിയമാനുസൃത ശിക്ഷാനടപടിയുടെ വക്കിലാണെന്നാണു പരാതി. തർക്കത്തിനിടെ സ്ഥലത്തെത്തിയ പൊലീസ് ഇരുവിഭാഗവുമായി ചർച്ച നടത്തിയാണ് പ്രശ്നം പരിഹരിച്ചത്. ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കാൻ പോയ വിദ്യാർഥിക്ക് ആ ദിവസങ്ങളിലെ ഹാജർ നൽകാനും മറ്റു പരാതികൾ പരിശോധിക്കാൻ വിദ്യാർഥി പ്രതിനിധിയെ കൂടി ഉൾപ്പെടുത്തി സമിതിയെ നിയോഗിക്കാനും ചർച്ചയിൽ തീരുമാനമായതായി എസ്എഫ്ഐ അറിയിച്ചു. അതേസമയം, ഹാജറിൽ വിവേചനമില്ലെന്നും സുതാര്യമായ നടപടികൾ ആർക്കും പരിശോധിക്കാമെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.

ENGLISH SUMMARY:

SFI's Protest Alleging Discrimination in Student Attendance at Ottapalam NSS College