മഴയില്‍ വീട് നിലം പൊത്തുമെന്ന പേടിയില്‍ ഉറങ്ങാതെ ചായ്പില്‍ മൂടിപ്പുതച്ചിരുന്ന് നേരം വെളിപ്പിക്കുന്ന പാലക്കാട് തെക്കേ മലമ്പുഴയിലെ വൃദ്ധ ദമ്പതികള്‍. ലൈഫ് ഭവന പദ്ധതിക്കായി അഞ്ച് തവണ പഞ്ചായത്തില്‍ ഇവര്‍ നല്‍കിയ അപേക്ഷയ്ക്ക് ഇതുവരെ ലൈഫുണ്ടായില്ല. പുതിയ വീട് കിട്ടിയില്ലെങ്കിലും ഓട്ടുപുരയുടെ ചോര്‍ച്ചയെങ്കിലും അടച്ച് മഴപ്പേടിയില്ലാതെ ഉറങ്ങാനാണ് ആഗ്രഹം.  

മഴപ്പെയ്ത്തിന്റെ മട്ടും ഭാവവും മാറുമ്പോള്‍ ജോണിയുടെ െനഞ്ചില്‍ സങ്കടങ്ങളുടെ പേമാരിയാണ്. നുള്ളിപ്പെറുക്കി നോവറിഞ്ഞ് ഒരായുസു കൊണ്ട് സമ്പാദിച്ചതെല്ലാം ഏത് സമയത്തും മണ്ണോട് ചേരുമെന്ന സ്ഥിതി. കൂരയ്ക്ക് മുകളില്‍ പേരിന് ഓടുണ്ട്. കാറ്റത്ത് പലതും പറന്നുപോയി. ഹൃദ്യോഗിയായ അറുപത്തി നാലുകാരന്‍ ജോണിക്കും അത്രതന്നെ ആകുലതകളുള്ള ഭാര്യ മോളിയ്ക്കും നാല് സെന്റിലെ ഈ കൂര മാത്രമാണ് മേല്‍വിലാസം. 

അഞ്ച് തവണ ലൈഫ് ഭവന പദ്ധതിക്കായി അപേക്ഷ നല്‍കി. മലമ്പുഴ ഡാമിന്റെ തീരത്തായതിനാല്‍ ഡാം സുരക്ഷാ അതോറിറ്റിയുടെ അനുമതി വേണമെന്ന സാങ്കേതികത്വം തടസമായി. നിയമം എന്തായാവും നനയാതെ കിടക്കാനൊരു സൗകര്യം ചോദിച്ചിട്ടും പഞ്ചായത്തിന് മിണ്ടാട്ടമില്ല.

കാലവര്‍ഷം കനക്കുമ്പോള്‍ പഴകി ദ്രവിച്ച കമ്പിളി പുതച്ച് ഇരുവരും ഈ ഒറ്റമുറിയിലുണ്ടാവും. കാറ്റും മഴയും കനിഞ്ഞാല്‍ മാത്രം പിറ്റേന്ന് നേരം പുലരുന്നത് കാണാമെന്ന പേടിയില്‍ ഉറങ്ങാതിരിക്കുന്നവര്‍. ഇവരും ഭൂമിയുടെ അവകാശികളാണ്. 

ENGLISH SUMMARY:

Aged man Five times applied for Life Housing Scheme life mission kerala