TOPICS COVERED

ഒറ്റപ്പാലം അനങ്ങൻമല പ്രദേശത്തെ ക്വാറിക്കെതിരായ സമരം ഏറ്റെടുത്ത് സിപിഎം ജില്ലാ നേതൃത്വം. ഉടമയ്ക്ക് എത്ര പിടിപാടുണ്ടെങ്കിലും ക്വാറി പൂട്ടിക്കുമെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ്ബാബു പറഞ്ഞു. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സമരസമിതി നടത്തിയ രാപകൽ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജില്ലാ സെക്രട്ടറി.

ക്വാറിയിൽ നിന്നിറങ്ങുന്ന ഒരു ലോറി പോലും ഇതുവഴി പോകരുതെന്ന് ജില്ലാ സെക്രട്ടറി ആഹ്വാനം ചെയ്തു. അതിൽ എന്തു വന്നാലും നോക്കാമെന്നാണ് പ്രവർത്തകർക്ക് ഉറപ്പ്. ക്വാറിയുടെ പ്രവർത്തനം മൂലം ഭീതിയിലായ മലയോരത്തെ അനങ്ങനടി, വരോട് പ്രദേശങ്ങളിലെ ജനങ്ങളെ അണിനിരത്തിയായിരുന്നു സമരം. മലയുടെ താഴ് വരയിലെ ഇരുന്നൂറിലേറെ കുടുംബങ്ങൾക്കു ഭീഷണിയാണ് ക്വാറിയെന്നാണ് ആക്ഷേപം. ജില്ലാ കലക്ടറുടെ പരിശോധന നടത്തി പ്രശ്നങ്ങൾ വിലയിരുത്തണമെന്നും ക്വാറിയുടെ അനുമതി റദ്ദാക്കണമെന്നുമാണ് ആവശ്യം. സമാപന യോഗത്തിൽ സമരസമിതി ചെയർമാൻ സി.പി.ശശി അധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്.അജയകുമാർ പങ്കെടുത്തു.

ENGLISH SUMMARY:

CPM district leadership took up the strike against the quarry in Ottapalam Ananganmala area