അട്ടപ്പാടിയില്‍ നിയന്ത്രണങ്ങള്‍ മറികടന്ന് വ്യാപകമായി കുന്നിടിച്ച് മണ്ണ് കടത്തുന്നു. ഭവാനിപ്പുഴയോട് ചേര്‍ന്നുള്ള നരസിമുക്കില്‍ യാതൊരു തടസവുമില്ലാതെയാണ് ഖനനം. റവന്യൂ ഉദ്യോഗസ്ഥരുടെ അറിവോടെയാണ് മണ്ണെടുക്കലെന്നാണ് നാട്ടുകാരുടെ പരാതി.
അട്ടപ്പാടിയുടെ സൗന്ദര്യമാണ് പശ്ചിമഘട്ടത്തിലെ കുന്നുകള്‍. അറിഞ്ഞും അറിയാതെയും മലതുരന്ന് തുരന്ന് കുന്നുകള്‍ പലതും സമതലമായി. നിയമലംഘനം ഉദ്യോഗസ്ഥരെ അറിയിച്ചാലും ഖനനം നിര്‍ത്താന്‍ ഇടപെടില്ലെന്നാണ് ആക്ഷേപം. റവന്യൂ ഉദ്യോഗസ്ഥരും പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും മലതുരക്കുന്നവരെ കണക്കറ്റ് സഹായിക്കുന്നുവെന്നാണ് വിമര്‍ശനം.
നരസിമുക്കിൽ ഭവാനി പുഴ തീരം പങ്കിടുന്ന പ്രദേശത്ത് വ്യാപകമായാണ് കുന്നിടിച്ച് നിരത്തുകയാണ്. കുടിവെള്ളം ഉള്‍പ്പെടെ മലിനമായിട്ടും ഉദ്യോഗസ്ഥര്‍ അനങ്ങുന്നില്ലെന്ന് ആക്ഷേപം. സമാനരീതിയിൽ നല്ലശിങ്ക, കുലുക്കൂർ, വെച്ചപ്പതി, ചീരക്കടവ് എന്നീ സ്ഥലങ്ങളിലും വ്യാപകമായി കുന്നിടിച്ച് നിരത്തുകയാണ്. നീർച്ചാലടക്കം നികത്തി. ലൈഫ് മിഷൻ പദ്ധതിയിൽ അഞ്ച് സെന്റ് നിലം നികത്താൻ നാട്ടുകാര്‍ക്ക് അനുമതി നല്‍കാത്ത ഉദ്യോഗസ്ഥരാണ് കൈമടക്ക് വാങ്ങി മണ്ണ് മാഫിയയെ സഹായിക്കുന്നതെന്നാണ് വിമര്‍ശനം.