TOPICS COVERED

ഒറ്റപ്പാലം സിപിഎമ്മിൽ വിഭാഗീയതയുടെ കാലത്തു വിമത സംഘടനയുടെ നേതൃനിരയിൽ പ്രവർത്തിച്ചിരുന്ന യുവ നേതാവിനെയും പാർട്ടി ബ്രാഞ്ചിലേക്കു താഴ്ത്തിയ മുതിർന്ന നേതാവിനെയും ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തി പാലപ്പുറം ലോക്കൽ സമ്മേളനം. ഒറ്റപ്പാലത്തെ വിമതരുടെ കൂട്ടായ്മയായ സ്വതന്ത്ര മുന്നണിയുടെ മുൻ നേതാവ് പി.ദിലീപും ആറ് വർഷം മുൻപു പാലപ്പുറം ലോക്കൽ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ട എം.സുരേന്ദ്രനുമാണ് ഇത്തവണ കമ്മിറ്റിയിൽ ഇടംപിടിച്ചത്.

ഏരിയയിൽ വിഭാഗീയതയില്ലാത്ത സമ്മേളനക്കാലം എന്ന നേതൃത്വത്തിന്‍റെ പ്രതീക്ഷയ്ക്ക് അടിവരയിടുകയാണ് ഇരുവരുടെയും കമ്മിറ്റി പ്രവേശനം. ദിലീപ് ഡിവൈഎഫ്ഐ മുൻ ഭാരവാഹിയും സുരേന്ദ്രൻ നഗരസഭാ സ്ഥിരം സമിതി മുൻ അധ്യക്ഷനുമാണ്. നേരത്തെ ലോക്കൽ കമ്മിറ്റിയിലുണ്ടായിരുന്ന മൂന്നുപേരെ ഒഴിവാക്കി. 

ദിലീപിനു പുറമേ, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ സുനീറ മുജീബും അബ്ദുൽ ലത്തീഫുമാണു കമ്മിറ്റിയിലെ മറ്റു പുതുമുഖങ്ങൾ. അംഗബലം 14 ൽ നിന്നു 15 ആക്കി ഉയർത്തിയതോടെ മുതിർന്ന നേതാവ് എം.സുരേന്ദ്രന്റെ തിരിച്ചുവരവും അനായസമായി. 

അതേസമയം, പാർട്ടി നിയന്ത്രണത്തിലുള്ള സംസ്ഥാന സർക്കാരിനും നഗരസഭയ്ക്കും കീഴിലെ താലൂക്ക് ആശുപത്രിയുടെ പ്രവർത്തനത്തെ ചൊല്ലി നിരന്തരം ഉയരുന്ന അപാകതകളും പരാതികളും ചർച്ചയായി. സമ്മേളനം സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്.അജയകുമാർ ഉദ്ഘാടനം ചെയ്തു.

ENGLISH SUMMARY:

Palappuram local committe includes leaders removed during vibhagiyatha.