TOPICS COVERED

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയെ ചൊല്ലി തുടർച്ചയായി ഉയരുന്ന പരാതികൾക്കും വിവാദങ്ങൾക്കുമിടെ സിപിഎം നേരിട്ടു സമരരംഗത്ത്. സർക്കാർ ആശുപത്രിയുടെ പ്രവർത്തനം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭരണകക്ഷിയുടെ സമരം.

ആശുപത്രിക്കെതിരെ രണ്ട് മാസം മുൻപു ഡിവൈഎഫ്ഐ നടത്തിയ സമരത്തിനു പിന്നാലെയാണു സിപിഎം നേരിട്ടു സമരം ഏറ്റെടുക്കുന്നത്. രോഗികളെ ബുദ്ധിമുട്ടിക്കുന്ന നിലപാടുകൾ ഡോക്ടർമാരും ജീവനക്കാരും തിരുത്തണം. കിടത്തിച്ചികിത്സ ഉൾപ്പെടെ എല്ലാ സേവനങ്ങളും ഫലപ്രദമായി വിനിയോഗിക്കണം. പിരിച്ചുവിട്ട ഡേറ്റ എൻട്രി ഓപ്പറേറ്റർമാരെ തിരിച്ചെടുക്കണമെന്നും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗതീരുമാനങ്ങൾ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സിപിഎം സമരം. ഡോക്ടർമാരുടെയും ജീവനക്കാരുടെയും സമീപനങ്ങളെ നേതാക്കൾ രൂക്ഷമായി വിമർശിച്ചു.

ജനകീയരായ എട്ട് ഡോക്ടർമാരെ നിശ്ചിത കാലയളവു പൂർത്തിയായതിന്റെ പേരിൽ ഒന്നര വർഷം മുൻപു കൂട്ടത്തോടെ സ്ഥലം മാറ്റിയതിനു പിന്നാലെയാണ് ആശുപത്രിയെ ചൊല്ലി പരാതികൾ വ്യാപകമായത്. സമരം സിപിഎം നേരിട്ട് ഏറ്റെടുത്ത സാഹചര്യത്തിലായിരുന്നു ഏരിയ കമ്മിറ്റിയുടെ മാർച്ചും ധർണ്ണയും. സമരം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്.അജയകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എസ്.കൃഷ്ണദാസ് അധ്യക്ഷനായി.

ENGLISH SUMMARY:

CPM protest over Government hospital's unsatisfactory performance.