ഒറ്റപ്പാലം നഗരസഭയുടെ കരുതലിൽ ട്രാൻസ് വനിത അനീറ കബീറിനു സ്വപ്ന ഭവനം ഒരുങ്ങി. സർക്കാരിൽ നിന്നു പ്രത്യേക അനുമതി വാങ്ങിയാണു പിഎംഎവൈ പദ്ധതിയിൽ ഉൾപ്പെടുത്തി വീടു നിർമാണം പൂർത്തിയാക്കിയത്. സംസ്ഥാനത്തു പിഎംഎവൈ പദ്ധതിയിൽ ഉൾപ്പെടുത്തി ട്രാൻസ്ജൻ്റർ വനിതയ്ക്കു നൽകുന്ന ആദ്യ വീടാണിതെന്നു നഗരസഭ ഭരണസമിതി.
വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിലാണ് അനീറ കബീറിന്റെ വീടെന്ന സ്വപ്നം പൂവണിയുന്നത്. നഗരത്തിലെ വാടക വീട്ടിൽ താമസിച്ചിരുന്ന അനീറ ഭവന നിർമാണ പദ്ധതിയുടെ ആനുകൂല്യത്തിനായി നഗരസഭയെ സമീപിക്കുകയായിരുന്നു.
ഒറ്റപ്പാലം ബിആർസിയിൽ ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അനീറ സ്വന്തം വരുമാനം ഉപയോഗിച്ചു വീട്ടാമ്പാറയിൽ വാങ്ങിയ നാല് സെന്റ് ഭൂമിയിലാണു വീടു നിർമാണം.
ആദ്യം പിഎംഎവൈ ഗുണഭോക്തൃ പട്ടികയിൽ ഇടം പിടിക്കാതിരുന്ന അനീറയ്ക്കായി നഗരസഭ സർക്കാരിനെ സമീപിച്ചാണു പ്രത്യേക ഡിപിആർ തയാറാക്കി 4 ലക്ഷം രൂപ അനുവദിച്ചത്. വീട് നഗരസഭാധ്യക്ഷ കെ.ജാനകീദേവിയും ഉപാധ്യക്ഷൻ കെ.രാജേഷും സന്ദർശിച്ചു. ജീവിതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞ ഘട്ടമാണിതെന്നാണ് അനീറയുടെ പ്രതികരണം.