പഞ്ചായത്തില്‍ ആദിവാസി ഫണ്ടുകള്‍ ഉള്‍പ്പെടെ ചെലവഴിക്കാനാകാത്ത സ്ഥിതിയെന്ന് ആരോപിച്ച് പാലക്കാട് മുതലമട പഞ്ചായത്ത് പ്രസിഡന്‍റിന്‍റെയും വൈസ് പ്രസിഡന്‍റിന്‍റെയും അനിശ്ചിതകാല രാപ്പകല്‍ സമരം. അധ്യക്ഷ പി.കല്‍പനാദേവിയും ഉപാധ്യക്ഷന്‍ എം.താജുദ്ദീനുമാണ് സിപിഎമ്മിന്‍റെ രാഷ്ട്രീയ വിവേചനമെന്ന് ആവര്‍ത്തിച്ച് സമരം തുടങ്ങിയത്.
2024–2025 വര്‍ഷത്തെ പദ്ധതികളുടെ ഫണ്ട് ചെലവഴിക്കാന്‍ അനുവദിക്കുന്നില്ല. ജീവനക്കാരെ സ്ഥലം മാറ്റിയും അവധിയെടുപ്പിച്ചും ജനക്ഷേമ പദ്ധതികള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. ഉദ്യോഗസ്ഥ ലോബിക്ക് സിപിഎം ഒത്താശ ചെയ്യുന്നു. ആദിവാസി വിദ്യാര്‍ഥികളുടെ പഠനം. കുടുംബങ്ങളുടെ ക്ഷേമപ്രവര്‍ത്തനം തുടങ്ങി പല പദ്ധതികളും പാതി വഴിയില്‍ മുടങ്ങിയ സ്ഥിതിയാണ്. അടിസ്ഥാന ആവശ്യങ്ങള്‍ക്കായി പറമ്പിക്കുളത്ത് നിന്നുള്‍പ്പെടെ സാധാരണക്കാരെത്തുമ്പോള്‍ ഉദ്യോഗസ്ഥരില്ലെന്ന് പറഞ്ഞ് മടക്കിവിടേണ്ട സ്ഥിതിയാണ്. സിപിഎമ്മിന് പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടതിന്‍റെ വിരോധമാണെന്നും ഏത് തരത്തിലും നീതി നേടിയെടുക്കുമെന്നും ഭരണസമിതി. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പ്രതിഷേധമെന്നാണ് സിപിഎം വിമര്‍ശനം. രാപ്പകല്‍ സമരത്തിന് ഭരണകക്ഷിയിലെ മുഴുവന്‍ അംഗങ്ങളുടെയും പിന്തുണയില്ലെന്നും എല്‍.ഡി.എഫ് നേതൃത്വം കുറ്റപ്പെടുത്തി.