attappadi-goat-leopard-protest

അട്ടപ്പാടി നാക്കുപതിയില്‍ ആടിനെ പുലി പിടികൂടിയതില്‍ ഗായിക നഞ്ചിയമ്മയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ പ്രതിഷേധം. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ അരമണിക്കൂറിലേറെ നാട്ടുകാര്‍ പ്രതിഷേധിച്ചു. അടുത്തദിവസം ഡി.എഫ്.ഒ നേരിട്ട് സ്ഥലം സന്ദര്‍ശിക്കുമെന്നും നിരീക്ഷണ ക്യാമറ പരിശോധിച്ച് പുലിക്കെണി സ്ഥാപിക്കുമെന്നും അറിയിച്ചതിനെത്തുടര്‍ന്നാണ് നാട്ടുകാര്‍ പിന്‍വാങ്ങിയത്. 

 

മൂന്ന് മാസത്തിനിടെ നാല് വട്ടമാണ് പ്രദേശത്ത് പുലിയിറങ്ങുന്നത്. രണ്ടുവട്ടം ആടിനെ പിടികൂടുകയും ചെയ്തു. നഞ്ചിയമ്മയുടെ വീടിനോട് ചേര്‍ന്നുള്ള സ്ഥലത്തെ പുലിശല്യം ഒഴിവാക്കാന്‍ നഞ്ചിയമ്മ തന്നെ നേരിട്ടിറങ്ങി. ഒരുമാസം മുന്‍പ് നല്‍കിയ പരാതിയില്‍ സ്ഥലത്ത് രണ്ട് ക്യാമറ സ്ഥാപിച്ച് ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്തം നിറവേറ്റി. വീണ്ടും പുലിയിറങ്ങി ആടിനെ പിടികൂടിയതോടെ നാട്ടുകാര്‍ സംഘടിച്ചു. പ്രതിഷേധത്തിന്‍റെ തീവ്രത കൂട്ടി. താന്‍ നേരത്തെ നല്‍കിയ പരാതി വനംവകുപ്പ് ഗൗരവമായി കണ്ടില്ലെന്ന് നഞ്ചിയമ്മ. 

നാട്ടുകാരുടെ പ്രതിഷേധം തണുപ്പിക്കാന്‍ മണ്ണാര്‍ക്കാട് ഡി.എഫ്ഒ ഇടപെട്ടു. തിങ്കളാഴ്ച നേരിട്ട് അട്ചപ്പാടിയിലെത്തുമെന്നും നിരീക്ഷണ ക്യാമറയ്ക്ക് പുറമെ വേണ്ടിവന്നാല്‍ പുലിക്കെണി സ്ഥാപിക്കുമെന്നും ഉറപ്പ് നല്‍കി. വനംവകുപ്പിന്‍റെ സമീപനത്തില്‍ മെല്ലെപ്പോക്കുണ്ടായാല്‍ വീണ്ടും പ്രതിഷേധത്തിനിറങ്ങുമെന്നാണ് നാട്ടുകാരുടെ നിലപാട്.

ENGLISH SUMMARY:

In Attappady NakkuPathi, villagers protest under the leadership of singer Nanchiyamma after a leopard caught a goat