രാഷ്ട്രീയ താല്‍പര്യത്തില്‍ മന്ത്രിയുടെ നിര്‍ദേശപ്രകാരം ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി പഞ്ചായത്ത് വികസനം അട്ടിമറിയ്ക്കുന്നതായി പരാതി. പാലക്കാട് പരുതൂര്‍ പഞ്ചായത്ത് പ്രസിഡന്‍റും ഭരണസമിതി അംഗങ്ങളും പഞ്ചായത്ത് ജോയിന്‍റ് ഡയറക്ടറെ ഉപരോധിച്ചു. എല്‍.ഡി.എഫില്‍ നിന്നും യു.ഡി.എഫ് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത് മുതലുള്ള അസ്വസ്ഥതയാണെന്നും സര്‍ക്കാര്‍ നയം മാറ്റിയില്ലെങ്കില്‍ സമരം തലസ്ഥാനത്തേക്ക് മാറ്റുമെന്നും യു.ഡി.എഫ്.
മതിയായ ഉദ്യോഗസ്ഥരില്ലാതെ വലയുന്ന സമയത്താണ് നിരന്തര ആവശ്യത്തിനൊടുവില്‍ സെക്രട്ടറിയെയും അസിസ്റ്റന്‍റ് സെക്രട്ടറിയെയും പരുതൂരില്‍ നിയമിച്ചത്. ചുമതലയേല്‍ക്കും മുന്‍പ് സ്ഥലംമാറ്റ ഉത്തരവ് വന്നു. ഇതോടെ പഞ്ചായത്ത് ഭരണസമിതി വെട്ടിലായി. ഏറെ പ്രതീക്ഷയോടെ വിഭാവനം ചെയ്ത പല വികസനപദ്ധതികളും കടലാസില്‍ തന്നെയായി. തദ്ദേശ മന്ത്രിയുടെ മണ്ഡലത്തിലെ പഞ്ചായതിനാണ് ഈ ദുരവസ്ഥയെന്നും സ്ഥലംമാറ്റ തീരുമാനം മരവിപ്പിക്കണമെെന്നും ആവശ്യപ്പെട്ടായിരുന്നു പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ യു.ഡി.എഫ് പ്രതിനിധികള്‍ ഒന്നാകെ പ്രതിഷേധിച്ചത്.
പ്രതിഷേധത്തിന് പിന്നാലെ രണ്ട് മണിക്കൂറിനുള്ളില്‍ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പാക്കാമെന്നായിരുന്നു വാക്ക്. പിന്നീട് രണ്ട് പ്രവൃത്തി ദിവസമെന്ന നിലയിലേക്ക് മാറ്റി. അനുകൂലമായ നടപടിയുണ്ടായില്ലെങ്കില്‍ ബുധനാഴ്ച വീണ്ടും ഭരണസമിതിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തേയ്ക്ക് സമരം വ്യാപിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്.