വെടിക്കെട്ടുകളുടെ നടത്തിപ്പിൽ പെസോയുടെ പുതിയ നിർദേശങ്ങൾ തിർത്ത പ്രതിസന്ധിയെ പരീക്ഷ എഴുതി തോൽപ്പിച്ച് എഴുപത്തിനാലുകാരൻ. അര നൂറ്റാണ്ടിലധികമായി വെടിക്കെട്ടു രംഗത്തു പ്രവർത്തിക്കുന്ന ഒറ്റപ്പാലം വേങ്ങശ്ശേരി സ്വദേശി സി.ആർ.നാരായണൻകുട്ടിയാണു പെസോയുടെ ഫയർ വർക്സ് ഡിസ്‌പ്ലേ ഓപ്പറേറ്റർ പരീക്ഷ വിജയിച്ചത്. സഹപ്രവർത്തകൻ ദേശമംഗലം സോമസുന്ദരൻ ഫയർ വർക്സ് ഡിസ്പ്ലേ അസിസ്‌റ്റന്‍റ് പരീക്ഷയും വിജയിച്ചു.
എഴുത്തുപരീക്ഷയും കൂടിക്കാഴ്ച്‌ചയും പൂർത്തിയാക്കിയായിരുന്നു ഇരുവരുടെയും വിജയം. പെസോയുടെ പുതിയ നിർദേശങ്ങളിൽ ഏറെ നിർണായകമായിരുന്നു ഫയർ വർക്സ് ഡിസ്‌പ്ലേ ഓപ്പറേറ്റർ, ഫയർ വർക്സ് ഡിസ്പ്ലേ അസിസ്‌റ്റന്‍റ് ലൈസൻസുകൾ. ദക്ഷിണേന്ത്യയിൽ തന്നെ ഇത്തരം ലൈസൻസ് ഉടമകൾ വിരളമാണെന്നിരിക്കെയാണ് ഇത്തവണ ഉത്സവ വെടിക്കെട്ടുകൾ പ്രതിസന്ധിയിലാകുമെന്ന് ഇവർ തിരിച്ചറിഞ്ഞത്. ഇതോടെ പെസോയുടെ കൊച്ചി കാക്കനാട്ടെ ഓഫിസിൽ നിയമാനുസൃതം അപേക്ഷ സമർപ്പിച്ചു പരീക്ഷയ്ക്കു തയാറെടുത്തു. കഴിഞ്ഞ മാസം എഴുത്തുപരീക്ഷയും അഭിമുഖവും പൂർത്തിയായതോടെ ഇരുവർക്കും വിജയം.
നെന്മാറ-വല്ലങ്ങി വേല, ചിനക്കത്തൂർ പൂരം, ഉത്രാളിക്കാവു പൂരം, കണ്ണമ്പ്ര വേല ഉൾപ്പെടെ പാലക്കാട്, തൃശൂർ ജില്ലകളിലെ പ്രധാന ഉത്സവങ്ങൾക്കെല്ലാം വെടിക്കെട്ട് ഒരുക്കുന്നത് ഇവരാണ്. ഇത്തവണ ഉത്സവകാലം തുടങ്ങാനിരിക്കെയാണു സ്ഫോടകവസ്തു നിയമ ഭേദഗതി വെടിക്കെട്ടുകൾക്ക് നിർബന്ധമായി മാറിയത്. വെടിക്കെട്ടു കരാറുകാരുടെ സംഘടനയായ ഫിമയുടെ സംസ്‌ഥാന വർക്കിങ് പ്രസിഡന്‍റ് കൂടിയായ നാരായണൻകുട്ടി 1970 മുതൽ ഈ രംഗത്തു പ്രവർത്തിക്കുന്നുണ്ട്. സോമസുന്ദരൻ കഴിഞ്ഞ 7 വർഷത്തോളമായി വെടിക്കെട്ടു നടത്തിപ്പിൽ സജീവമാണ്.