ഒറ്റപ്പാലത്തു ഭാരതപ്പുഴയിൽ ദേശാടനക്കിളികളുടെ ആവാസ കേന്ദ്രമായ പുൽക്കാടുകൾ തീയിട്ട നിലയിൽ. മായന്നൂർ പാലത്തിൻ്റെ കിഴക്കു ഭാഗത്തു തീപിടിത്തമുണ്ടായ പുൽക്കാടുകളിൽ വനംവകുപ്പ് പരിശോധന നടത്തി.
വർഷങ്ങളായി വേനലിൻ്റെ തുടക്കത്തിൽ ഈ ഭാഗത്തു തീയിടുന്നതും പക്ഷികളും അവയുടെ മുട്ടകളുമെല്ലാം കത്തിനശിക്കുന്നതും പതിവാണ്. അഞ്ച് വർഷം മുൻപു മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഹരിതട്രിബ്യൂണൽ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. ഇവിടെ മൂന്ന് ഏക്കറോളം സ്ഥലത്താണ് ഇത്തവണ തീപിടിത്തമുണ്ടായത്. പൊലീസിൻ്റെ കൂടി സഹകരണത്തോടെ പ്രദേശത്തു നിരീക്ഷണം ശക്തമാക്കാനാണു വനംവകുപ്പിൻ്റെ ശ്രമം.
കഴിഞ്ഞദിവസം ഉണങ്ങിയ പുല്ലുകളിലൂടെയും ആറ്റുവഞ്ചിചെടികളിലൂടെയും പടർന്ന തീ താനെ അണയുകയായിരുന്നു. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലത്താണ് ഇവിടെ ദേശാടനപക്ഷികളെത്തുന്നത്. ഇപ്പോഴും ഈ പ്രദേശത്ത് ദേശാടനപക്ഷികളുടെ സാന്നിധ്യമുണ്ട്. പിപ്പിറ്റ്, റെഡ് മുനിയ, സ്റ്റോൺചാറ്റ്, സൈബീരിയൻ ബുഷ്ചാറ്റ് തുടങ്ങിയവയാണ് സ്ഥിരമായെത്തുന്നത്. പ്രജനനകാലമായതിനാൽ അവയുടെ മുട്ടകളും ഈ പ്രദേശത്തെ കാടുകളിലുണ്ടാകും. ഇതിന് തൊട്ടടുത്ത് വരെ കഴിഞ്ഞ ദിവസം തീപടർന്നിരുന്നു. ആവാസ വ്യവസ്ഥ നശിക്കുന്നതു പതിവായാൽ പക്ഷികൾ ഇവിടേക്ക് എത്താത്ത സ്ഥിതിയുണ്ടാകുമെന്നു പക്ഷിനിരീക്ഷകർ പറയുന്നു. ഹരിത ട്രിബ്യൂണൽ നിർദ്ദേശപ്രകാരം പുഴ സംരക്ഷണത്തിനുള്ള മാസ്റ്റർപ്ലാൻ തയ്യാറാക്കിയിരുന്നെങ്കിലും ഒന്നും നടപ്പായില്ല.