പാലക്കാട് പന്നിയങ്കര ടോള്‍ പ്ലാസയില്‍ നാട്ടുകാരില്‍ നിന്നുള്ള ടോള്‍ പിരിവിന് ഈമാസം ഏഴ് വരെ സാവകാശം. പത്ത് കിലോമീറ്റര്‍ പരിധിക്കുള്ളിലുള്ളവര്‍ക്ക് ഇളവ് നല്‍കണമെന്ന ആവശ്യം എംഎല്‍എയുടെയും, എഡിഎമ്മിന്‍റെയും സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്താണ് സാവകാശം അനുവദിച്ചത്. ഏഴരക്കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ക്ക് മാത്രമേ സൗജന്യം അനുവദിക്കാനാവൂ എന്ന ടോള്‍ പിരിവ് കമ്പനിയുടെ നിലപാടിനെതിരെ വിവിധ രാഷ്ട്രീയ സംഘടനകള്‍ സമരപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
ഡിവൈഎഫ്ഐയുടെ പ്രതിഷേധം കനത്തോടെ ഏഴരക്കിലോമീറ്റര്‍ പരിധിയില്‍ മാത്രം ഇളവെന്ന് ശാഠ്യം പിടിച്ചിരുന്ന കരാര്‍ കമ്പനി മയപ്പെട്ടു. പി.പി.സുമോദ് എംഎല്‍എയും എ.ഡി.എമ്മും പങ്കെടുത്ത ചര്‍ച്ചയില്‍ ഈമാസം ഏഴിന് ആലത്തൂര്‍ എം.പി കെ.രാധാകൃഷ്ണന്‍റെ സാന്നിധ്യത്തില്‍ സര്‍വകക്ഷി യോഗം വിളിക്കാമെന്ന് ധാരണയായി. ആറ് പഞ്ചായത്തുകളില്‍ സഹായം ലഭിക്കേണ്ടവരുടെ ദൂരപരിധി ഉള്‍പ്പെടുന്ന റിപ്പോര്‍ട്ടും ടോള്‍ പിരിവ് കമ്പനിക്ക് ജില്ലാഭരണകൂടം കൈമാറി. ഇതെത്തുടര്‍ന്നാണ് നാട്ടുകാരുടെ സൗജന്യ യാത്രയ്ക്ക് ഏഴ് വരെ മുടക്കമുണ്ടാവില്ലെന്ന് അറിയിച്ചത്.