കുളത്തിന്‍റെ ആഴങ്ങളില്‍ ആണ്ടുപോയ പെണ്‍കുട്ടികളെ നീന്തിയെടുത്ത് ജീവിതത്തിലേക്ക് തിരികെയെത്തിച്ച് വീട്ടമ്മയുടെ മനോധൈര്യം. പാലക്കാട് അടയ്ക്കാപുത്തൂര്‍ ആലുംകുളത്തെ വീട്ടമ്മ ശ്രീലതയാണ് വാക്കല്ല പ്രവൃത്തിയാണ് മുഖ്യമെന്ന് തെളിയിച്ചത്. ഒന്‍പതും, പതിമൂന്നും വയസുള്ള പെണ്‍കുട്ടികള്‍ നീന്തല്‍ പഠിക്കുന്നതിനിടെ പുഴാക്കുളത്തിന്‍റെ കയത്തില്‍പ്പെടുകയായിരുന്നു.
പ്രാണന് വേണ്ടി കരഞ്ഞ് കൈ ഉയർത്തിയ കുരുന്നുകള്‍ക്ക് നേരെ നീണ്ടത് അമ്മ മനസിന്‍റെ വേവലാതിയോടെയുള്ള രക്ഷാകരണങ്ങളായിരുന്നു. മക്കള്‍ക്കെന്തോ പറ്റിയെന്ന് കരയിലുണ്ടായിരുന്നവരോട് പറഞ്ഞ് തീരും മുന്‍പ് ശ്രീലത നീന്തിത്തുടങ്ങി. ഒന്‍പതുകാരിയെ നീന്തിയെടുത്ത് കരയ്ക്കെത്തിച്ച സമയം പതിമൂന്നുകാരി പൂര്‍ണമായും കയത്തില്‍പ്പെട്ടു. അപകടക്കുഴിയുടെ ആഴം ഓര്‍ക്കാതെ പതിമൂന്നുകാരിയെയും മുങ്ങിയെടുത്ത് കരയിലെത്തിക്കാനെടുത്തത് മിനിറ്റുകള്‍ മാത്രം. കുഞ്ഞുങ്ങളുടെ ആയുസിന്‍റെ പുസ്തകത്തില്‍ വീണ്ടും താളുകള്‍ നിറയ്ക്കാന്‍ കാണിച്ച മനോധൈര്യം. നീന്തൽ പഠിക്കാനിറങ്ങി തിരികെ വരുന്ന മക്കളെയും കരുതി വീട്ടിലിരിക്കുന്ന ഉറ്റവരുടെ മനസിലെ ആകുലതയെക്കുറിച്ച് മാത്രമായിരുന്നു ചിന്തയെന്ന് ശ്രീലത.
കുട്ടികള്‍ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലാത്തത് ആശ്വാസമാണ്. എന്തോ ധൈര്യം വന്നു അത് ചെയ്തു. മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. വേനലവധിയാണ്. നീന്തല്‍വശമില്ലാതെ കുളങ്ങളിലും ജലാശയങ്ങളിലും ഇറങ്ങുന്ന മക്കൾ ശ്രദ്ധിക്കുക. നിങ്ങളെക്കരുതി വീട്ടിലിരിക്കുന്നവരുടെ മുഖം കൂടി ഓര്‍ക്കണമെന്ന് ശ്രലതയുടെ ഉപദേശം. നാടൊന്നാകെ ഈ ധൈര്യത്തെ മുറുകെപ്പിടിച്ച് സ്നേഹമറിയിക്കാന്‍ മല്‍സരിക്കുകയാണ്.