പാലക്കാട് ഒറ്റപ്പാലം നഗരസഭയുടെ പനമണ്ണയിലെ ഖരമാലിന്യ സംസ്‌കരണ പ്ലാന്റിൽ കുന്നുകൂടികിടക്കുന്ന അജൈവ മാലിന്യം നീക്കുന്നതിനു പകരം മണ്ണിട്ടു മൂടുന്നുവെന്ന് ആരോപണം. കോടികൾ മുടക്കിയുള്ള പദ്ധതിയെ ചൊല്ലിയാണ് ബി.ജെ.പിയുടെ പരാതി. അഴിമതിയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യം.
ലെഗസി വേസ്റ്റ് നീക്കുന്നതിന് പകരം കുഴിച്ചുമൂടുകയാണെന്നും ഇതിൽ വൻ അഴിമതിയുണ്ടെന്നുമാണ് ബി.ജെ.പി വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആരോപണം. പ്രതിഷേധവുമായി നേതാക്കളും പ്രവർത്തകരും പനമണ്ണയിലെ പ്ലാന്റിലെത്തി. പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ചെടുത്തു നീക്കാതെ മണ്ണിട്ടു മൂടുകയാണെന്നാണ് ആരോപണം. അംഗീകാരമില്ലാത്ത കമ്പനിക്കാണു ബയോ മൈനിങ് നടത്തുന്നതിന് കരാർ നൽകിയിട്ടുള്ളതെന്നു നേതാക്കൾ ആരോപിച്ചു.
45000 ക്യുബിക് മീറ്റർ മാലിന്യമാണ് പ്ലാന്റിൽ ഉണ്ടായിരുന്നത്. ഇതിൽ 25000 ക്യുബിക് മീറ്ററോളം മാലിന്യം നീക്കിയെന്നാണ് നഗരസഭാധികൃതരുടെ വാദം. 17746 ക്യുബിക് മീറ്റർ മാലിന്യമാണ് ഇപ്പോഴും കെട്ടിക്കിടക്കുന്നത്. കാലങ്ങളായി അടിഞ്ഞുകൂടിയിട്ടുള്ള ഈ മാലിന്യം കൂടി നീക്കാൻ നഗരസഭ പ്രത്യേക പദ്ധതി തയാറാക്കിയിട്ടുണ്ട്. 1.68 കോടി രൂപ ചെലവിൽ വിജയവാഡയിൽ നിന്നുള്ള കമ്പനിയാണ് ഇതിൻ്റെ കരാർ ഏറ്റെടുത്തിട്ടുള്ളതെന്നും ഇതിനുള്ള നടപടികളാണ് നടക്കുന്നതെന്നും നഗരസഭാധികൃതർ പറയുന്നു. മാലിന്യം മാറ്റിയതിന്റെ കൃത്യമായ രേഖകളുണ്ട്. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഒറ്റപ്പാലം നഗരസഭാ വൈസ് ചെയർമാൻ കെ.രാജേഷ് പറഞ്ഞു. 18ന് പ്ലാന്റിൽ മാലിന്യം മാറ്റിയ സ്ഥലത്ത് പൂന്തോട്ടം ഒരുക്കുന്നതിന്റെ ഉദ്ഘാടനം മന്ത്രി എം.ബി.രാജേഷ് നിർവഹിക്കാനിരിക്കെയാണ് ആരോപണം.