ലഹരിക്കെതിരെ പാലക്കാട് മണ്ണാര്‍ക്കാടില്‍ ഐക്യത്തിന്റെയും സ്നേഹത്തിന്റെയും കുടുംബമതില്‍ തീര്‍ത്തു. നഗരപരിധിയില്‍ നെല്ലിപ്പുഴ മുതല്‍ കുന്തിപ്പുഴവരെ നീണ്ട മൂന്നരകിലോമീറ്റര്‍ ദൂരത്തില്‍ നാടൊന്നാകെ കണ്ണികളായി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങള്‍ മതിലില്‍ അണിചേര്‍ന്നു.
ഒരു മണിക്കൂര്‍ നേരം ഇങ്ങനെ ചേര്‍ന്ന് നിന്നത് വലിയൊരു ലക്ഷ്യത്തിന് വേണ്ടിയായിരുന്നു. നാട്ടില്‍ സ്വൈരജീവിതം ഇല്ലാതാക്കുന്ന ലഹരിയെ നാടുകടത്തുകയാണ് മുഖ്യം. ജനകീയ പ്രതിരോധത്തിലൂടെ ലഹരിയെ അകറ്റി യുവതലമുറയെ ചേര്‍ത്ത് നിര്‍ത്താം. അങ്ങനെ മനസുറച്ച സമൂഹത്തെ യാഥാര്‍ഥ്യമാക്കുകയാണ് പ്രധാനം. മണ്ണാര്‍ക്കാട് എംഎല്‍എ എന്‍.ഷംസുദ്ദീന് ആദ്യ കണ്ണിയായി അണിചേര്‍ന്നു.
വാഹനയാത്രക്കാരും കുടുംബമതിലിന് ആശംസകള്‍ അറിയിച്ചത് പരിപാടിക്ക് മാറ്റ് കൂട്ടി. മണ്ണാര്‍ക്കാട് നഗരസഭ, മൂവ് ജനകീയ കൂട്ടായ്മ, വ്യപാരി, തൊഴിലാളി, സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലാണ് കുടുംബമതില്‍ തീര്‍ത്തത്. നഗരസഭാ ചെയര്മാന് സി. മുഹമ്മദ് ബഷീര്‍ ഉള്‍പ്പെടെ ജനപ്രതിനിധികളും നിരവധി സംഘടനാ ഭാരവാഹികളും പരിപാടിയുടെ ഭാഗമായി.