പാലക്കാട് കഞ്ചിക്കോട് പനങ്കാട് മേഖലയിൽ വീണ്ടും കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. രണ്ട് ദിവസത്തിനിടെ തെങ്ങും കവുങ്ങും വാഴയും ഉൾപ്പെടെ ലക്ഷങ്ങളുടെ വിളനാശമാണുണ്ടാക്കിയത്. വ്യവസായ ഇടനാഴിക്കായി കിൻഫ്ര ഏറ്റെടുക്കാൻ അളന്നിട്ട ഭൂമിയുടെ തുടർനടപടി വൈകുന്നത് കാരണം ആന തകർത്താലും നഷ്ട പരിഹാരം കിട്ടാത്ത സാഹചര്യമെന്നാണ് പരാതി.
കായ് ഫലമുള്ള തെങ്ങുകൾ വേരോടെയാണ് കുത്തി മറിച്ചിട്ടത്. മീറ്ററുകളുടെ മാത്രം വ്യത്യാസത്തിൽ 24 തെങ്ങുകൾ നിലം പൊത്തി. കവുങ്ങിൻ തണ്ട് ഒടിച്ച് ബാക്കി ഭാഗം പൂർണമായും പിഴുതെടുത്ത അവസ്ഥയാണ്. വാഴയും, ഫല വൃക്ഷങ്ങളുമെല്ലാം ആനക്കലിയിൽ തരിപ്പണമായിട്ടുണ്ട്. വനാതിർത്തി വിട്ട് അഞ്ച് കിലോമീറ്ററിലേറെ അകത്തേക്ക് കയറിയാണ് ആനയുടെ പരാക്രമണം. നിയമത്തിൻ്റെ നൂലാമാല പറഞ്ഞ് അർഹിച്ച നഷ്ട പരിഹാരം പോലും കർഷകർക്ക് കിട്ടാത്ത സ്ഥിതിയെന്ന് ആക്ഷേപം.
കിൻഫ്ര അളന്ന് തിരിച്ച ഭൂമിയായതിനാൽ നാട്ടുകാർ അപേക്ഷ നൽകിയാലും പരിഗണിക്കാൻ കഴിയാത്ത സ്ഥിതിയെന്ന് വനം വകുപ്പും പറയുന്നു. വനാതിർത്തി വിട്ട് ജനവാസ മേഖലയിലേക്ക് കാട്ടാനയുടെ വരവ് തടയുന്നതിന് മതിയായ പ്രതിരോധം തീർക്കണമെന്നാണ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ആവശ്യം. മതിയായ സുരക്ഷയൊരുക്കാനും ആനയെ തുരത്താനും ആർ ആർ ടി സംഘത്തെ ചുമതലപ്പെടുത്തുമെന്ന് വാളയാർ റേഞ്ച് ഓഫിസർ അറിയിച്ചു.