പാര്‍ട്ടിയില്‍ ഭിന്നസ്വരമില്ലെന്ന് ആവര്‍ത്തിക്കുന്നതിനിടെ ജില്ലാ സെക്രട്ടറിയേറ്റിലേക്കുള്ള മല്‍സരമുണ്ടായതില്‍ കടുത്ത അതൃപ്തിയില്‍ പാലക്കാട്ടെ സിപിഎം നേതൃത്വം. വി.എസിന്‍റെ വിശ്വസ്തനായതിന്‍റെ പേരില്‍ പാര്‍ട്ടിയില്‍ പലതവണ അച്ചടക്ക നടപടിക്ക് വിധേയനായ ജില്ലാ കമ്മിറ്റി അംഗത്തിന്‍റെ മല്‍സര നീക്കം കൃത്യമായ ഗൃഹപാഠത്തിന് ശേഷമെന്നാണ് ഒരുവിഭാഗം നേതാക്കള്‍ പറയുന്നത്. പി.കെ.ശശി പക്ഷക്കാരനായ മുന്‍ എംഎല്‍എ വി.കെ.ചന്ദ്രനെ സെക്രട്ടേറിയറ്റില്‍ നിന്നും ഒഴിവാക്കിയപ്പോള്‍ പാര്‍ട്ടിയോട് കലഹിച്ച് ടി.പി.ചന്ദ്രശേഖരനൊപ്പം ചേര്‍ന്ന് പിന്നീട് മടങ്ങിയെത്തിയ എം.ആര്‍.മുരളി സെക്രട്ടേറിയറ്റ് അംഗമായതും ചര്‍ച്ചയ്ക്ക് വഴി തുറന്നിട്ടുണ്ട്.
വെറുമൊരു മല്‍സരമല്ല. എതിര്‍ ശബ്ദമാണുയര്‍ന്നത്. വിഭാഗീയത പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്ന് ഓര്‍മപ്പെടുത്തുന്നതായിരുന്നു പി.എ.ഗോകുല്‍ദാസ് നേടിയ ഏഴ് വോട്ട്. നാല്‍പ്പത്തി നാലംഗ ജില്ലാ കമ്മിറ്റിയില്‍ കണക്ക് അടിസ്ഥാനത്തില്‍ ഏഴ് കുറവാണെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍റെ സാന്നിധ്യത്തില്‍ തീരുമാനിച്ച സെക്രട്ടേറിയറ്റ് പാനലിനെതിരെ മല്‍സരമെന്നത് പല നേതാക്കള്‍ക്കും അംഗീകരിക്കാനായിട്ടില്ല. പാര്‍ട്ടിക്ക് ഏറെ വേരോട്ടമുള്ള മുണ്ടൂരില്‍ ഒരുകാലത്ത് വി.എസ്.അച്യുതാനന്ദന്‍റെ വിശ്വസ്തനായിരുന്നു ഗോകുല്‍ദാസ്. ഇതേ കാരണത്താല്‍ പലതവണ അച്ചടക്ക നടപടിയ്ക്കും വിധേയനായിട്ടുണ്ട്. ജില്ലാ കമ്മിറ്റിയിലെ മുതിര്‍ന്ന അംഗമെന്ന നിലയില്‍ ഗോകുല്‍ദാസിന് സെക്രട്ടേറിയറ്റിലേക്ക് സാധ്യത പറഞ്ഞ് കേട്ടതാണ്. ഔദ്യോഗികപക്ഷം എടുക്കുന്ന എല്ലാ തീരുമാനങ്ങളും അംഗീകരിക്കാനാവില്ലെന്ന നിലപാടുയര്‍ത്തിയാണ് പി.എ.ഗോകുല്‍ദാസിന്‍റെ മല്‍സരമെന്ന് ഒരുവിഭാഗം. ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയ പി.കെ.ശശിയ്ക്ക് നേതൃത്വം നല്‍കിയ മറ്റൊരു ആഘാതമായിരുന്നു മുന്‍ എംഎല്‍എ വി.കെ.ചന്ദ്രനെ സെക്രട്ടേറിയറ്റില്‍ നിന്നും ഒഴിവാക്കിയത്. വിഭാഗീയതയുടെ പേരില്‍ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി പിന്നീട് തിരിച്ചെടുത്തെങ്കിലും ചന്ദ്രന്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ തുടരുന്നുവെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. പാര്‍ട്ടിയോട് കലഹിച്ചിറങ്ങി ടി.പി.ചന്ദ്രശേഖരനൊപ്പം പ്രവര്‍ത്തിച്ച് ഷൊര്‍ണൂര്‍ വികസന മുന്നണിയുണ്ടാക്കി സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയ എം.ആര്‍.മുരളിയുടെ സെക്രട്ടേറിയറ്റ് പ്രവേശനമാണ് മറ്റൊരു കൗതുകം. പാര്‍ട്ടിയിലേക്ക് തിരികെയെത്തി മലബാര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷ സ്ഥാനത്ത് തുടരുന്നതിനിടിയിലാണ് ജില്ലയിലെ ഉയര്‍ന്ന ഘടകത്തിലേക്കെത്തിയത്.