കാർമേഘത്തേയും വെള്ളത്തേയും ഭയന്ന് വയനാട് നെന്മേനി വെള്ളച്ചാൽ ഊരുകാർക്ക് ഉറക്കം പോലും നഷ്ടപ്പെട്ടിട്ട് വർഷങ്ങളായി. സമീപത്തെ തോട് നിറഞ്ഞു വെള്ളം വീടിനുള്ളിൽ വരെ എത്തുന്നതോടെ കഴിഞ്ഞ 10 വർഷമായി ക്യാംപുകളിലേക്ക് ഓടേണ്ട ഗതികേടിലാണ് 9 കുടുംബങ്ങൾ.
നെന്മേനി വെള്ളച്ചാൽ ഊരുകാർക്ക് കാലങ്ങളായി മഴയെ പേടിയാണ്. ഇരച്ചെത്തുന്ന വെള്ളം വീടും റോഡും തകർത്തതോടെ വർഷങ്ങളായി ഒറ്റപ്പെട്ടാണ് വാസം. മാനത്ത് കാർമേഘമിരുണ്ട് കൂടുമ്പോഴേക്ക് ജീവനും കൊണ്ട് ക്യാംപുകളിലേക്ക് ഓടാറാണ് പതിവ്.
ഒമ്പതു കുടുംബങ്ങളാണ് വെള്ളച്ചാൽ ഊരിലുള്ളത്. കോളജ് വിദ്യാർഥികൾ നിർമിച്ചു കൊടുത്ത ഷീറ്റിട്ട വീടുകളിലാണ് താമസം. സമീപത്തെ തോടും പാടവും നിറയുന്നതോടെ വീടിനുള്ളിൽ വരെ വെള്ളമെത്തും. എല്ലാ വീടുകളും ഭാഗികമായി തകർന്നിട്ടുണ്ട്.
സമീപത്തുതന്നെയുള്ള മറ്റൊരു സ്ഥലത്തേക്ക് പുനരധിവസിപ്പിക്കണം എന്ന ഊരുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. മാറ്റിപ്പാർപ്പിക്കാനുള്ള ഭൂമിവാങ്ങുന്നതിന് തുക ട്രൈബൽ റൂറൽ ഡെവലപ്മെന്റ് മിഷൻ നൽകിയെങ്കിലും അനുയോജ്യമായ ഭൂമി കണ്ടെത്താനായില്ലെന്നാണ് കാലങ്ങളായിട്ടും അധികൃതരുടെ വിശദീകരണം. വീടിനുള്ളിൽ വെള്ളം കയറുമ്പോൾ മാത്രം എത്തുന്ന അധികൃതർ പിന്നീട് തിരിഞ്ഞു നോക്കാറില്ലെന്നാണ് പരാതി.