ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷമായിട്ടും വയനാട് സുൽത്താൻബത്തേരിയിലെ ജില്ലാ മാതൃ–ശിശുസംരക്ഷണ കേന്ദ്രം തുറന്നില്ല. 25 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ആശുപത്രിയിലേക്ക് സാധന സാമഗ്രികൾ എത്തിച്ചിട്ടും വേണ്ടത്ര ജീവനക്കാരെ നിയമിക്കാത്തതാണ് തടസം.
ഏഴ് നിലകളിലായി നിർമിച്ച ഒന്നാന്തരമൊരു ആശുപത്രി. മൂന്ന് ഓപ്പറേഷൻ തിയേറ്റർ, ലേബർ റൂമുകൾ, നവജാത ശിശു സംരക്ഷണത്തിനുള്ള പ്രത്യേക യൂണിറ്റ്, 80 ബെഡുകൾ. അങ്ങനെ സൗകര്യങ്ങൾ ഏറെ. എന്നാൽ ഉപകരണങ്ങൾ നശിക്കാറായിട്ടും ആശുപത്രി തുറക്കുന്നില്ല.
27 ഡോക്ടർമാർ ഉൾപ്പടെ 123 ജീവനക്കാരെ ആവശ്യമാണെന്ന് കാണിച്ച് ആശുപത്രി അധികൃതർ കഴിഞ്ഞ വർഷം ഒക്ടോബറിൽ സർക്കാരിന് അപേക്ഷ നൽകിയതാണ്. എന്നാൽ ഒരു വർഷമായിട്ടും ഇക്കാര്യത്തിൽ തീരുമാനമില്ല. ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി എടുക്കുന്നില്ല എന്നാണ് പരാതി.
Also Read : കേരളത്തിലെ 'തല്ലിപ്പൊളി' റോഡുകള്‍ തേടി മനോരമന്യൂസ്; 'കുഴിവഴി ജാഥ'യ്ക്ക് തുടക്കം
പ്രത്യേക അഡ്മിനിസ്ട്രേഷൻ വിങ് രൂപീകരിക്കണമെന്നും മാതൃ ശിശു സംരക്ഷണകേന്ദ്രം പ്രത്യേക ബ്ലോക്കായി നിലനിർത്തി വേഗം തുറക്കണമെന്നുമാണ് ആവശ്യം.