കടുത്ത നിയമലംഘനമെന്ന് ബോധ്യപ്പെട്ടിട്ടും വയനാട് ചേകാടിയിലെ കുതിര ഫാമിന് അധികൃതരുടെ മൗനാനുവാദം. സ്റ്റോപ്പ് മെമോ നൽകിയിട്ടും ഫാം തകൃതിയായി പ്രവർത്തിക്കുകയാണ്. നിരന്തരം പരാതിപ്പെട്ടിട്ടും പരിഹാരമില്ലാത്തതിനാല്‍ പ്രത്യക്ഷസമരത്തിന് ഒരുങ്ങുകയാണ് പ്രദേശത്തെ ആദിവാസികളും കർഷകരും.
നെൽവയൽ നികത്തിയാണ് നിർമാണം. പ്രദേശത്തെ കർഷകരുടെയും ആദിവാസികളുടെയും വെള്ളവും വഴിയും മുടക്കി. നിയമം കാറ്റിൽപ്പറത്തിയുള്ള കുതിര ഫാം നിർമാണത്തെപ്പറ്റി മനോരമ ന്യൂസ് വ്യക്തമായ വിവരം നൽകിയിട്ടും അധികൃതര്‍ മൗനം തുടരുകയാണ്. വാർത്തയ്ക്ക് പിന്നാലെ വില്ലേജ് ഓഫിസർ എത്തി സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും ഫാം ഒരു തടസവുമില്ലാതെ പ്രവർത്തിക്കുന്നു.
വാർത്ത വന്നതിനു പിന്നാലെ വലിയ പ്രതിഷേധമുണ്ടായി. വിശദമായി അന്വേഷിക്കുമെന്നും ഫാം പൊളിച്ചുമാറ്റുമെന്നും സബ് കലക്ടർ അറിയിച്ചെങ്കിലും ഒരു ചലനവുമുണ്ടായില്ല. മന്ത്രി കേളുവിനെ പ്രദേശത്തെ ആദിവാസികൾ ആശങ്കയറിയിച്ചിരുന്നെങ്കിലും നിരാശ മാത്രം ഫലം. കുടിവെളളവും കൃഷി ഭൂമിയും ഇല്ലാതാകുന്ന സ്ഥിതി കൂടി ആയതോടെ പ്രത്യക്ഷസമരത്തിന് ഒരുങ്ങുകയാണ് പ്രദേശവാസികൾ. ഫാം ഉടമക്ക് ഉന്നതരുമായുള്ള ബന്ധമാണ് അധികൃതരുടെ മൗനത്തിനു കാരണമെന്നും ആക്ഷേപമുണ്ട്.