വയനാട്ടിൽ നിന്ന് എളുപ്പത്തിൽ കോഴിക്കോട് എത്താൻ പറ്റുന്ന ഒരു പാതയുണ്ട്. തുരങ്ക പാതക്കും 30 വർഷങ്ങൾക്ക് മുമ്പ് പ്രവർത്തി തുടങ്ങിയ പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ്. കുന്നിടിക്കാതെയും തുരക്കാതെയും എളുപ്പത്തിൽ പൂർത്തിയാക്കാമെന്നായിട്ടും അധികൃതരുടെ അനാസ്ഥയിൽ മുപ്പതു വർഷമായി പദ്ധതി അടഞ്ഞിട്ട്. ഉപതിരെഞ്ഞെടുപ്പിൽ ബദൽ പാതയെന്ന ചിരകാല ആവശ്യം ചർച്ചയാക്കാനൊരുങ്ങുകയാണ് നാട്ടുകാർ.
തുരങ്കപാത പദ്ധതിയുമായി മുന്നോട്ടു പോവുകയാണ് സർക്കാർ. കഴിഞ്ഞദിവസം ഫിനാൻഷ്യൽ ബിഡ് തുറന്നു. പ്രവർത്തി ആരംഭിക്കുമെന്ന് സർക്കാർ അറിയിച്ചതുമാണ്. അങ്ങനെ അങ്ങനെ മുന്നോട്ടു പോകുന്ന പദ്ധതിയെ നോക്കി നിരാശയോടെ നിൽക്കുന്നുണ്ട് വയനാട്ടിലെ മറ്റൊരു ബദൽ പാത. പടിഞ്ഞാറെ ത്തറയിൽ നിന്ന് കോഴിക്കോട്ടെ പൂഴിതോടിലേക്കുള്ള പാത..
1991 ൽ സർവ്വേ പൂർത്തിയാക്കി. ഭൂമി ഏറ്റടുക്കലും പൂർത്തിയായി. ഏറ്റെടുത്ത വന ഭൂമിക്കു പകരം 110 ഏകർ ഭൂമി വനം വകുപ്പിന് കൈമാറി. വലിയ ചിലവില്ലാതെ, കാലതാമസം ഇല്ലാതെ നിർമിക്കാവുന്ന പാത. എന്നിട്ടും അധികൃതരുടെ അനാസ്ഥയിൽ പദ്ധതി തുടങ്ങിയടത്തു തന്നെയാണ്. റോഡിനു വേണ്ടിയുള്ള നാട്ടുകാരുടെ പ്രതിഷേധത്തിനും വർഷങ്ങളുടെ പഴക്കം.
അല്പ ദൂരം വനത്തിലൂടെയാണെങ്കിലും ബദൽ പാത താരതമ്യേന പരിസ്ഥിതി ആഘാതം കുറഞ്ഞ പ്രദേശത്തിലൂടെയാണ് കടന്നു പോവുക. നേരത്തെ കൂപ്പു റോഡുള്ളത് കൊണ്ട് വനമിടിക്കേണ്ടതുമില്ല. ചുരങ്ങളിലെ തടസമില്ലാതെ ജില്ലയിലെത്താം, ജില്ല കടക്കാം.
വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച ശിലാ ഫലകവും റോഡിനായുണ്ടാക്കിയ പാലവും അവിടെ തന്നേയുണ്ട്. തുരങ്കപാതക്കു വേണ്ടി സർക്കാർ കാണിക്കുന്ന ഉത്സാഹം പകുതിയെങ്കിലും പടിഞ്ഞാറത്തറ പൂഴിത്തോട് റോഡിനു വേണ്ടി കാണിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഷഫീഹ് എളയോടത്ത്