puthusseri-bridge

TOPICS COVERED

ഒരു പുഴക്കപ്പുറവും ഇപ്പുറവും നിന്ന് സംസാരിക്കേണ്ട അവസ്ഥയാണ് വയനാട് പടിഞ്ഞാറത്തറ തേര്‍ത്തുക്കുന്നിലെ നാട്ടുകാര്‍ക്ക്. ഒരു തൂക്കുപാലമെങ്കിലും നിര്‍മിച്ചു തരണമെന്ന ആവശ്യം 25 കൊല്ലമായിട്ടും ആരും പരിഗണിച്ചില്ലെന്നാണ് പരാതി. അതിനിടെ ജനവാസ മേഖലയല്ലാത്ത മറ്റൊരു സ്ഥലത്ത് അധികൃതര്‍ പാലം നിര്‍മിക്കാനൊരുങ്ങുകയാണെന്നും പരാതിയുണ്ട്.

പുഴക്കപ്പുറമുള്ള പ്രഭാകരേട്ടന് ദുരിതം ഇങ്ങനെ ശബ്ദത്തില്‍ വിളിച്ചു പറയണം, ഇക്കരെയെത്തണമെങ്കില്‍ 4 കിലോ മീറ്റര്‍ ചുറ്റിക്കറങ്ങണം. 25 കൊല്ലമായി പ്രഭാകരേട്ടനും നാട്ടുകാരും ഒരു പാലത്തിനു വേണ്ടി ഓടുന്നു. കാര്യമുണ്ടായില്ല. എല്ലാ വര്‍ഷവും മരപ്പാലം പണിത് പണിത് നാട്ടുകാര്‍ മൊത്തത്തില്‍ വെട്ടിലായി. കുട്ടികള്‍ക്ക് സ്കൂളില്‍ പോകണമെങ്കില്‍ വളഞ്ഞു മൂക്കു പിടിക്കേണ്ട സ്ഥിതി

 

പടിഞ്ഞാറത്തറ– വെള്ളമുണ്ട പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മേഖലയില്‍ പാലത്തിന് എല്ലാ കാര്യവും അനുകൂലമാണ്. അപ്രോച്ച് റോഡുണ്ട്. ഭുപ്രകൃതി അനുകൂലം. പ്രദേശത്തെ 500 ലധികം കുടുംബങ്ങള്‍ക്ക് എളുപ്പത്തില്‍ യാത്ര ചെയ്യാം. എന്നാല്‍ നവകേരള സദസില്‍ നല്‍കിയതടക്കം നിരവധി പരാതി നല്‍കിയെങ്കിലും ഒരാളും പരിഗണിച്ചില്ല

അതിനിടെ പ്രദേശത്തു നിന്ന് നാലു കിലോമീറ്റര്‍ മാറി മറ്റൊരു പാലം നിര്‍മിക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. ജനവാസ മേഖലയില്ലാത്ത ഇടത്താണ് പാലം നിര്‍മിക്കാനുള്ള നീക്കം. തങ്ങളുടെ കാലങ്ങളായുള്ള ആവശ്യം അംഗീകരിക്കാതെയുള്ള നീക്കം ദ്രോഹപരമാണെന്നാണ് നാട്ടുകാരുടെ പരാതി. താല്‍കാലിക ആശ്വാസത്തിന് ഒരു തൂക്കുപാലമെങ്കിലും നിര്‍മിക്കണമെന്നും ഇല്ലെങ്കില്‍ പ്രതിഷേധിക്കുമെന്നുമാണ് നാട്ടുകാരുടെ പക്ഷം

ENGLISH SUMMARY:

Locals of Wayanad Therthukunn want at least one suspension bridge to be built