വായനയെ പറ്റിയും കൃഷിയെ പറ്റിയും അറിയാൻ കുറേ കുട്ടികൾ ഇന്നലെ പത്മശ്രീ ചെറുവയൽ രാമന്‍റെ വീട്ടിലെത്തി. ആടിയും പാടിയും പഠിച്ചുമായിരുന്നു കുട്ടികളുടെ മടക്കം. അമ്പതോളം കുട്ടികളും പന്മശ്രീ ചെറുവയൽ രാമനും. പുൽവീടിനു മുന്നിൽ ഇരുന്ന് രാവിലെ മുതൽ ചർച്ച തുടങ്ങി. വായനയും പ്രകൃതി സംരക്ഷണവും കൃഷിയുമെല്ലാം ചർച്ചയിലുൾപ്പെട്ടു.
ജില്ലയിലെ വിവിധ ഊരുകളിൽ നിന്നെത്തിയ കുട്ടികൾ ചോദ്യങ്ങൾ ഉയർത്തി. അനുഭവത്തിന്‍റെ വെളിച്ചത്തിൽ രാമേട്ടൻ മറുപടി നൽകി. കർഷക നാടായ വയനാട്ടിൽ കൃഷി അപ്രത്യക്ഷമായി തുടങ്ങിയെന്നും വായന നഷ്ടപ്പെട്ടതോടെ ഭൂരിഭാഗം കുട്ടികളിലും പേടിപ്പെടുത്തുന്ന മാറ്റമുണ്ടായെന്നും ചെറുവയൽ രാമൻ.
കൃഷി അറിവുകൾ പങ്കുവച്ചും കൃഷി സ്ഥലം സന്ദർശിച്ചും കുട്ടികൾക്ക് പുതിയ അറിവുകൾ നൽകി. ചോദ്യോത്തരങ്ങൾക്ക് ശേഷം കുട്ടികളുടെ തുടി വായനയും വട്ടകളിയും. കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി കാർഡ് ലൈറ്റ് ടു ലൈഫ് പ്രോജക്ടാണ് ചർച്ചയൊരുക്കിയത്. മനോരമ ബുക്സ് പ്രസിദ്ധീകരിച്ച 'ചെറുവയലും നൂറ് മേനിയുമെന്ന ആത്മകഥയും കുട്ടികൾക്ക് കൈമാറി.