പത്തു ദിവസം അമരക്കുനിയെ വിറപ്പിച്ച പത്തു വയസുകാരി കടുവയാണിത്. 17 ന് കൂട്ടിലായി കുപ്പാടിയിലെത്തിച്ച കടുവയെ ഇതുവരേ കൂട്ടിൽ നിന്നും മാറ്റാനായിട്ടില്ല. മൂന്നരടി മാത്രമുള്ള കൂട്ടിലാണ് ഇന്നും വാസം.
പ്രാഥമിക ചികിൽസ നൽകി തിരുവനന്തപുരം മൃഗശാലയിലേക്ക് കൊണ്ടു പോകുമെന്നായിരുന്നു തീരുമാനം, എന്നാൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് വൈകുന്നതാണ് വില്ലനാകുന്നത്. ഒന്നുതിരിയാൻ പറ്റാത്ത കൂട്ടിലാണ് നാളിതു വരെയായി കഴിച്ചു കൂടുന്നത്.
നിലവിൽ 8 കടുവകളുള്ള കുപ്പാടിയിൽ ഇനിയൊന്നിനെ പാർപ്പിക്കാനാവില്ല. ജില്ലയിൽ മറ്റു പുനരധിവാസ കേന്ദ്രങ്ങളിലില്ലാത്തതിനാൽ പുറത്തേക്ക് കൊണ്ടു പോവുകയല്ലാതെ മാർഗവുമില്ല. അങ്ങനെയിരിക്കെയാണ് വനം വകുപ്പ് സംഘങ്ങൾ കുരുക്കിലായത്.
ദിവസവും കിലോമീറ്ററുകൾ നടക്കുന്ന കടുവയെ ഇത്രകാലം കൂട്ടിലിടുന്നത് അതിന്റെ ആരോഗ്യത്തെ ഗുരുതമായി ബാധിക്കുമെന്നതും ആശങ്കയാണ്. ഉത്തരവ് വൈകിയതോടെ നേരത്തെ കേണിച്ചിറയിൽ നിന്നും പിടികൂടിയ കടുവക്ക് 18 ദിവസം കൂട്ടിൽ കഴിയേണ്ടി വന്നിരുന്നു.