ഏഴുമാസമായിട്ടും വയനാട് ചേകാടിയിലെ അനധികൃത കുതിരഫാമിനെതിരെ നടപടിയെടുക്കാത്തത് ജില്ലാ കലക്ടറുടെയും സര്‍ക്കാരിന്‍റെയും ഒത്താശയെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ആരോപണം. നെല്‍വയല്‍ നികത്തിയും സമീപത്തെ ആദിവാസി കുടുംബങ്ങളെ ഭീഷണിപ്പെടുത്തിയും പ്രവര്‍ത്തിക്കുന്ന> ഫാം നിര്‍മിച്ചത് നിയമവിരുദ്ധമെന്ന് സമ്മതിച്ചിട്ടും കലക്‌ടര്‍ മനപൂര്‍വം നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം. കലക്‌ടറുടെ മെല്ലേപോക്കിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍.
കുതിരഫാം നിര്‍മിച്ചത് നിയമം കാറ്റില്‍ പറത്തിയാണെന്ന് തഹസില്‍ദാറും സബ്‌കലക്‌ടറും സമ്മതിക്കുന്നുണ്ട്. ഉടന്‍ പൊളിച്ചുമാറ്റണമെന്നും ഇല്ലെങ്കില്‍ ചേകാടി എന്ന കാര്‍ഷിക ഗ്രാമത്തെ നശിപ്പിക്കുമെന്നും കൃഷി ഓഫിസര്‍ ഏഴു മാസങ്ങള്‍ക്കു മുന്നേ റിപ്പോര്‍ട്ട് നല്‍കിയതാണ്. ഏക്കര്‍ കണക്കിനു നെല്‍വയല്‍ നികത്തിയിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ കൃഷി മന്ത്രിക്കും റിപ്പോര്‍ട്ട് നല്‍കി. അങ്ങനെ കടുത്ത നിയമലംഘനമെന്ന് എല്ലാതരത്തിലും ബോധ്യപ്പെട്ടിട്ടും ഫാമിനെതിരെ നാളിതു വരെയായി നടപടിയുണ്ടായില്ല. നിയമലംഘനത്തിനു കൂട്ടുനില്‍ക്കുന്നത് സര്‍കാരും കലക്‌ടറുമാണെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ആരോപണം
ഫാം ഉടമയെ ഹിയറിങിനു വിളിച്ചു റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിലേക്ക് നല്‍കിയതൊഴിച്ചാല്‍ മറ്റു നടപടിയൊന്നും കലക്‌ടറുടെ ഭാഗത്തു നിന്നുണ്ടായില്ല. സബ് കലക്‌ടറുടെ റിപ്പോര്‍ട്ടിന്‍ മേല്‍ തന്നെ പൊളിക്കലടക്കമുള്ള നടപടിയിലേക്ക് കടക്കാമായിരുന്നെങ്കിലും ബോധപൂര്‍വം കാലതാമസം വരുത്തിയെന്നും ആരോപണം. അതിനിടെ ഫാം ഉടമ കോടതിയെ സമീപിച്ചു സ്റ്റേ സമ്പാദിച്ചു. നാലുമാസത്തേക്ക് പൊളിക്കരുതെന്ന് കോടതി നിര്‍ദേശിച്ചെങ്കിലും ജില്ലാ ഭരണകൂടം അപ്പീലോ റിപ്പോര്‍ട്ടോ നല്‍കിയില്ല. ഇന്ന് സ്റ്റേയുടെ കാലാപരിധി അവസാനിക്കുമെന്നിരിക്കെ ഇതുവരേയും കലക്‌ടറക്കമുള്ളവര്‍ അനങ്ങിയിട്ടില്ല. നിയമലംഘനത്തിനു മന്ത്രിമാരുടെ പിന്തുണയുണ്ടെന്നും നടപടിയില്ലെങ്കില്‍ കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നുമാണ് പ്രദേശവാസികളുടെ മുന്നറിയിപ്പ്.