ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ കെഎസ്ആർടിസി ബസുകൾക്ക് പകരം സ്വകാര്യ ബസുകളെ സഹായിക്കുകയാണെന്നാണ് വയനാട് പുൽപ്പള്ളി പെരിക്കല്ലൂരുകാരുടെ ആരോപണം. ലാഭത്തിൽ ആയ ഒട്ടേറെ സർവീസുകൾ സ്വകാര്യ ബസുടമകൾക്ക് വേണ്ടി വെട്ടിക്കുറച്ചുവെന്നാണ് നാട്ടുകാരുടെ ആരോപണം. ഡിപ്പോ നിർമിക്കാൻ ലക്ഷങ്ങൾ വില വരുന്ന ഭൂമി കൈമാറിയിട്ടും കെഎസ്ആർടിസി വാക്കു പാലിച്ചില്ലെന്നും നാട്ടുകാർ.
വർഷങ്ങൾക്കു മുമ്പു തന്നെ കേരളത്തിലെ മിക്കയിടത്തേക്കും ബസ് സർവീസുണ്ടായിരുന്ന നാടാണ് പുൽപ്പള്ളിക്കടുത്തെ പെരിക്കല്ലൂർ. എല്ലാ സർവീസും ലാഭകരം. നാട്ടുകാർ ഏറ്റെടുത്തതോടെ വിജയകരമായി മുന്നോട്ട് പോയി. എന്നാൽ ഇപ്പോള്‍ സർവീസുകളിൽ ഭൂരിഭാഗവും വെട്ടി കുറച്ചു. ലാഭകരമായിട്ടും നഷ്ടമെന്ന് റിപ്പോർട്ട് എഴുതിയാണ് വെട്ടിച്ചുരുക്കിയത്. അതോടെ ബസിനു ആശ്രയിച്ചു മുന്നോട്ട് പോയിരുന്ന മലയോര ജനതക്ക് ഇരുട്ടടിയായി. സ്വകാര്യ ബസുടമകളെ സഹായിക്കാനുള്ള ഗതാഗത മന്ത്രിയുടെ നീക്കാമാണന്നാണ് ആരോപണം.
ആവശ്യമായ ഭൂമി കൈമാറിയാൽ പെരിക്കല്ലൂരിൽ ഓപ്പറേറ്റിങ് സെന്‍റര്‍ ആരംഭിക്കാമെന്ന് കെഎസ്ആർടിസി അറിയിച്ചിരുന്നു. അത് അടിസ്ഥാനത്തിൽ പള്ളി വക ഒരേക്കർ ഭൂമി അടക്കം 2 ഏക്കർ കണ്ടെത്തി നൽകി. 44 ലക്ഷം വകയിരുത്തി. അടിസ്ഥാന സൗകര്യങ്ങളൊരുക്കി കാത്തിരിക്കവേയാണ് കെ.എസ്.ആർ.ടി.സിയുടെ വെട്ട്.
നാട്ടുകാർ പലതവണ പ്രതിഷേധിച്ചു. മന്ത്രിയെ നിരവധി തവണ നേരിട്ട് കണ്ടു. അതിനിടെയാണ് പെരിക്കല്ലൂരിനെ അറിയില്ലെന്ന വിവാദ പ്രസ്താവന. മന്ത്രി ഗണേഷ് കുമാർ തന്നെ കെ.എസ്. ആർ.ടി.സിയെ തകർക്കുകയാണെന്നും സർവീസ് പൂർവസ്ഥിതിയിലാക്കിയില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കുമെന്നുമാണ് നാട്ടുകാർക്ക് പറയാനുള്ളത്.