കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട വയനാട് നൂൽപ്പുഴ കാപ്പാടിലെ മാനുവിൻ്റെ കുടുംബത്തിന് ഒരു മാസമായിട്ടും നഷ്ടപരിഹാരം ലഭിച്ചില്ല. മതിയായ രേഖകൾ ഇല്ലാത്തതാണ് വില്ലനായത്. മൂന്നു കുഞ്ഞുങ്ങളടങ്ങുന്ന കുടുംബം ഇന്ന് പട്ടിണിയിലായ സ്ഥിതിയിലാണ്.
കഴിഞ്ഞ ഫെബ്രുവരി 11 നാണ് തമിഴ്നാട് അതിർത്തിയോട് ചേർന്നുള്ള നൂൽപ്പുഴ കാപ്പാട് വച്ച് കാട്ടാനയുടെ ആക്രമണത്തിൽ മാനു കൊല്ലപ്പെട്ടത്. അന്നു തന്നെമാനുവിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ ആവശ്യമായ രേഖകൾ ഇല്ലാത്തതിനാൽ സംഭവം കഴിഞ്ഞ് ഒരു മാസം പിന്നിട്ടും കുടുംബത്തിന് നഷ്ട്ടപരിഹാരം ലഭിച്ചില്ല.
രേഖകൾ പ്രകാരം മാനു താമസിക്കുന്നത് തമിഴ്നാട്ടിലും, കൊല്ലപ്പെട്ടത് കേരളത്തിലുമാണ്. ഭാര്യ ചന്ദ്രികയോടൊപ്പം തമിഴ്നാട്ടിലെ മെഴുകൻ മൂല ഉന്നതിയിലാണ് മാനുതാമസിച്ചു വന്നത്.. ഇവിടെയും ഇവർ താമസിക്കുന്നതിന് രേഖകളില്ല. ആധാറോ ബാങ്ക് അക്കൗണ്ടോ, കുട്ടികളുടെ ജനന സർട്ടിഫിക്കറ്റോ ഇല്ല. ഇതോടെയാണ് പ്രതിസന്ധിയായത്. വിഷയത്തിൽ ഇരു സംസ്ഥാനങ്ങളിലെയും ബന്ധപ്പെട്ട അധികൃതരുടെ ഇടപെടൽ വേണമെന്നാണ് ആവശ്യം..