വയനാട് പെരിക്കല്ലൂരിലെ 240 കോടിയുടെ ശുദ്ധജല പദ്ധതിയുടെ വൈദ്യുതി കണക്ഷന് മൂന്നര ലക്ഷം രൂപ അനുവദിച്ചു. മനോരമ ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി. പമ്പ് ഹൗസ് അടക്കം നിർമിച്ച് പദ്ധതി അവസാനഘട്ടത്തിലെത്തിയിട്ടും കണക്ഷന് പണം നൽകാത്ത ജല അതോറിറ്റിയുടെ നിസംഗതയെ പറ്റി കഴിഞ്ഞ ദിവസമാണ് മനോരമ ന്യൂസ് റിപ്പോർട്ട് നൽകിയത്.
കബനി പുഴയിൽ നിന്ന് പുൽപ്പള്ളി, മുള്ളങ്കൊല്ലി പഞ്ചായത്തുകളിലേക്ക് വെള്ളമെത്തിക്കാനുള്ള വൻകിട ജല ജീവൻ പദ്ധതിയാണ് ജല അതോറിറ്റിയുടെ നിസംഗതയിൽ മൂന്നു വർഷമായി ഇഴഞ്ഞ് നീങ്ങിയത്. നിർമാണം പൂർത്തിയാക്കി ഒരു വർഷത്തിനകം കമ്മീഷൻ ചെയ്യുമെന്നറിയിച്ചെങ്കിലും മഞ്ഞാടിക്കടവിൽ നിർമിച്ച പമ്പ് ഹൗസിലെ വൈദ്യുതി കണക്ഷന് പണം നൽകാതിരുന്നതാണ് വില്ലനായത്. സംഭവം മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെ ജല അതോറിറ്റി ഉണർന്നു. കണക്ഷനായി 3.5 ലക്ഷം അനുവദിച്ചു.
11 കെ.വി ലൈൻ നിർമിക്കാനാണ് പണം അനുവദിച്ചത്. ഉടൻ നിർമാണം പൂർത്തിയാക്കാൻ കെ.എസ്.ഇ.ബിയോട് ജല അതോറിറ്റി ആവശ്യപ്പെട്ടു. നേരത്തെ പൈപ്പിടൽ കൂടി പൂർത്തിയായതിനാൽ വൈദ്യുതി ലഭിച്ചാൽ ഉടൻ വിതരണം തുടങ്ങാനാവും. കനത്ത വരൾച്ചയെ മറികടക്കാനാവും.