രോഗികളെ ആശുപത്രിയിലെത്തിക്കണമെങ്കിൽ പോലും വയനാട് പൂതാടി അയനിമല ഊരിലുള്ളവർക്ക് നിലംപൊത്താറായ മുളപ്പാലം മാത്രമാണ് ആശ്രയം. ആറു വർഷം മുമ്പ് തകർന്ന കോൺക്രീറ്റ് പാലം പുനർനിർമിക്കുകയോ മാറ്റി പാർപ്പിക്കുകയോ ചെയ്യണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല.
2019 ലെ പ്രളയത്തിലാണ് ഈ പാലം തകർന്നത്. അയനിമല ഊരിലുള്ളവർ പ്രത്യേകിച്ച് വിദ്യാർഥികൾ കാലങ്ങളായി പുറത്തേക്കെത്താൻ ആശ്രയിച്ചിരുന്ന പാലം. പാലം തകർന്നതോടെ കുടുംബങ്ങൾ കടുത്ത പ്രതിസന്ധിയിലായി, ഒറ്റപ്പെട്ട അവസ്ഥ. കാട്ടാനയും കടുവയുമൊക്കെയുള്ള മേഖലയിൽ പുറത്തേക്ക് ഓടാൻ പോലുമാവാത്ത സ്ഥിതി.
നിലവിൽ മുള വെച്ചുണ്ടാക്കിയ താൽകാലിക പാലമാണ് ഏക ആശ്രയം. ഏതു സമയവും നിലം പൊത്താവുന്നതാണ് പാലം. ഒന്നല്ലെങ്കിൽ പാലം നിർമിക്കുക അല്ലെകിൽ തങ്ങളെ മറ്റൊരിടത്തേക്ക് മാറ്റി പാർപ്പിക്കുക. ന്യായമായ ഈ ആവശ്യം അധികൃതർക്കു മുന്നിൽ അറിയിച്ചെങ്കിലും ഒരു നീക്കവുമുണ്ടായിട്ടില്ല. ഉള്ളു പിടഞ്ഞ് എത്ര കാലം ഇങ്ങനെ കഴിയണമെന്നാണ് ചോദ്യം.