കടുവയെ ഭയന്ന് തൊഴുത്തിനു മുന്നില്‍ തീകൂട്ടി വളര്‍ത്തു മൃഗങ്ങള്‍ക്ക് രാത്രി മുഴുവന്‍ സംരക്ഷണമൊരുക്കുകയാണ് വയനാട് തിരുനെല്ലി സര്‍വാണി ഊരിലുള്ളവര്‍. മിക്ക ദിവസങ്ങളിലും കടുവയെത്തി വളര്‍ത്തുമൃഗങ്ങളെ കൊന്നൊടുക്കിയതോടെയാണ് നാട്ടുകാരുടെ ഗതികെട്ട നീക്കം.
കളിചിരി പറഞ്ഞൊരു ഇരുത്തമല്ലിത്. ജീവിക്കാന്‍ വേണ്ടിയുള്ള അപകടകരമായ ശ്രമം. കടുവയടക്കമുള്ള വന്യജീവികളില്‍ നിന്നു വളര്‍ത്തു മൃഗങ്ങളെ സംരക്ഷിക്കാന്‍ തൊഴുത്തിനു സമീപം തീക്കൂട്ടി ഇരുന്ന് നേരം വെളുപ്പിക്കേണ്ടി വരുന്ന മനുഷ്യരുടെ ദുരവസ്ഥ.
തിരുനെല്ലി സര്‍വാണി ഊരില്‍ കടുവ ഇടയ്‌ക്കിടെ എത്താറുണ്ട്. കൂടുതലും ക്ഷീരകര്‍ഷകരുള്ള മേഖലയില്‍ വളര്‍ത്തു മൃഗങ്ങള്‍ക്കു നേരെ പലതവണ കടുവ ആക്രമണമുണ്ടായി. ഏറ്റവുമൊടുവില്‍ ഉടമ നോക്കിനില്‍ക്കേ വയലില്‍ നിന്നു പശുവിനെ കടിച്ചു കൊണ്ടുപോയി. ഭയത്തിലാണ് ഓരോരുത്തരും
മിക്ക ദിവസങ്ങളിലും ഏഴുമണിയോടെയാണ് കടുവയെത്തുന്നതെന്നും അവശേഷിക്കുന്ന വളര്‍ത്തു മൃഗങ്ങള്‍ക്കെങ്കിലും സംരക്ഷണം നല്‍കണമെന്നും പ്രദേശവാസികള്‍ പറയുന്നുണ്ട്. വനത്തോട് ചേര്‍ന്ന ഊരില്‍ കഴിഞ്ഞ വര്‍ഷങ്ങളിലും കടുവയുടെ ആക്രമണമുണ്ടായിട്ടുണ്ട്. മുമ്പ് ഒരു കടുവയെ വനംവകുപ്പ് പിടികൂടിയിരുന്നു. നിലവില്‍ പ്രദേശത്ത് ക്യാമറകള്‍ സ്ഥാപിച്ച് വനപാലകര്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പുറത്തിറങ്ങാന്‍ പറ്റാത്ത ആശങ്കക്ക് ശാശ്വത പരിഹാരം വേണമെന്നാണ് ആവശ്യം.