മാതൃകാ ടൗണ്‍ഷിപ്പ് ഒരുങ്ങുന്ന കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് ഇത് ഭീതിയുടെ വിഷുക്കാലമാണ്. ടൗണ്‍ഷിപ്പ് പ്രവര്‍ത്തി തുടങ്ങിയതോടെ പാടികള്‍ വിട്ടിറങ്ങാനാണ് മാനേജ്‌മെന്‍റിന്‍റെ കര്‍ശന നിര്‍ദേശം. വര്‍ഷങ്ങളായി ആനുകൂല്യങ്ങളും ശമ്പളവും മുടങ്ങിയ തൊഴിലാളികള്‍ പലരും പട്ടിണിയിലുമാണ്. തങ്ങളാരും ടൗണ്‍ഷിപ്പിനെതിരല്ലെന്നും കുടിയിറക്കപ്പെടുന്ന തങ്ങളെ കൂടി സര്‍ക്കാര്‍ പരിഗണിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
ഇതിനിടെ മുണ്ടക്കൈ–ചൂരല്‍മല പുനരധിവാസത്തിന് ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഭൂമി ഏറ്റെടുത്തതായി ബോര്‍ഡ് സ്ഥാപിച്ചു. ഉടന്‍ തന്നെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡി.ആര്‍.മേഘശ്രീ മനോരമ ന്യൂസിനോട് പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച ഹൈക്കോടതി വിധിയുടെ പശ്ചാതലത്തിലാണ് നടപടി. ഭൂമി ഏറ്റെടുക്കാനായി പതിനേഴു കോടി എഴുപത്തിയേഴു ലക്ഷം രൂപ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ കെട്ടിവച്ചിരുന്നു.
എൽസ്റ്റൺ എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ പൂർത്തിയാക്കിയതായി റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചിരുന്നു. ഹൈക്കോടതിയിൽ നിന്നുണ്ടായത് സർക്കാരിന് ആശ്വാസമായ വിധിയാണെന്നും ഇന്ന് തന്നെ എൽസ്റ്റൺ എസ്റ്റേറ്റിൽ ശിലാഫലകം സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഭൂമി ഔദ്യോഗികമായി സർക്കാർ ഏറ്റെടുത്തത്.