നിയമത്തെയും നാട്ടുകാരെയും വെല്ലുവിളിച്ചു വയനാട് ചേകാടിയിൽ കെട്ടിപൊക്കിയ കുതിരഫാം പൊളിച്ചു നീക്കി. മനോരമന്യൂസ് വാർത്താ പരമ്പരക്കൊടുവിലാണ് നടപടി. രാഷ്ട്രീയ-ഉദ്യോഗസ്ഥ പിന്തുണയിൽ 7 മാസമായി പ്രവർത്തിച്ചു വന്ന ഫാം ഉടൻ പൊളിച്ചു മാറ്റാൻ കൃഷിവകുപ്പ് നേരത്തെ ഉത്തരവിട്ടിരുന്നു.
കടുത്ത നിയമലംഘനത്തെ പറ്റി മനോരമന്യൂസ് പുറം ലോകത്തെ അറിയിച്ചത് കഴിഞ്ഞ സെപ്റ്റംബർ 22 ന്.
അതു വരേ ഉറക്കംനടിച്ച ഉദ്യോഗസ്ഥർ വാർത്ത കണ്ട് ഇടപെട്ട് സ്റ്റോപ്പ് മെമോ കൊടുത്ത് തടിയൂരി. സ്റ്റോപ്പ് മെമോ നൽകിയിട്ടും വയൽ നികത്തിയുള്ള അനധികൃത നിർമാണം പിന്നെയും തുടർന്നു. ഉത്തരവാദിത്വപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുന്നതുവരെ വാർത്തകളുമായി നമ്മളും പിന്തുടർന്നു
പ്രദേശത്തെ ആദിവാസികളെ തടഞ്ഞും മറ്റു നെൽവയലുകളിലേക്കുള്ള വെള്ളം തടഞ്ഞു മായിരുന്നു ഫാമിന്റെ പ്രവർത്തനം. എന്നിട്ടും ഏഴു മാസം ഫാമിനു രാഷ്ട്രിയ നേതാക്കളുടെ യുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണയുണ്ടായി. ഏറ്റവും ഒടുവിൽ വാർത്ത പരമ്പരക്കു ഫലം വന്നു. ഫാം ഉടൻ പൊളിച്ചു മാറ്റാൻ കൃഷി വകുപ്പ് ഉത്തരവിട്ടു. ഗത്യന്തരമില്ലാതെ ഉടമക്ക് ഫാം പൊളിച്ചു തുടങ്ങേണ്ടിയും വന്നു. ഫാം പൂർണമായി പൊളിച്ചു മാറ്റി ഈ മാസം 23 നകം റിപ്പോർട്ട് നൽകാനാണ് സർക്കാർ ഉത്തരവ്. അതിനിടെ ഉത്തരവ് നടപ്പിലാക്കാൻ ചില ഉദ്യോഗസ്ഥർ മനപൂർവം കാലതാമസം വരുത്തുന്നതായി നാട്ടുകാർ ആരോപിച്ചു