വയനാട് മാനന്തവാടി പാൽവെളിച്ചത്ത് കോടികൾ ചിലവഴിച്ച് നിർമിച്ച റോപ്പ് ഫെൻസിങ് ഒരാഴ്ച്ചക്കുള്ളിൽ തന്നെ കാട്ടാന തകർത്തു. ഫെൻസിങ്ങിന്റെ 12 മീറ്ററോളം ഭാഗമാണ് ഒറ്റരാത്രി കൊണ്ട് ആന തകർത്തത്. 2017 മുതൽ ഒരു നാട് ഒന്നടങ്കം ആവശ്യപ്പെട്ടുണ്ടാക്കിയ ഫെൻസിങ് ആണിത്. പാൽവെളിച്ചം മുതൽ കൂടൽക്കടവ് വരെയുള്ള റോപ്പ് ഫെൻസിങ്. മൂന്നരക്കോടി രൂപ മുടക്കി ഒരാഴ്ച മുമ്പ് പ്രവൃത്തി പൂർത്തിയാക്കിയ ഫെൻസിങ് ഒറ്റരാത്രികൊണ്ട് ആന തൂത്തെറിഞ്ഞു.
വർഷമെത്ര കഴിഞ്ഞാലും കാട്ടാനകൾക്ക് തകർക്കാനാവില്ലെന്നായിരുന്നു വനം വകുപ്പിന്റെയും കരാറുകാരന്റെയും വാഗ്ദാനം. പക്ഷെ അതൊക്കെ വെറും വാഗ്ദാനം മാത്രമായി. ഒരാഴ്ചയ്ക്കിടെ രണ്ടു പ്രാവശ്യം ഫെൻസിങ് തകർത്ത് കാട്ടാന കൃഷിയിടത്തിൽ പ്രവേശിച്ചു. കൃഷി നശിപ്പിച്ചു.
ഫെൻസിങ് നിർമാണത്തിൽ ഗുരുതര അപാകതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം
റോപ്പ് വലിച്ചത് ശരിയായ രീതിയിലല്ലെന്നും കാലുകൾക്ക് ബലം പോരെന്നും നാട്ടുകാർ ആരോപണം ഉന്നയിക്കുന്നുണ്ട്. നിർമാണം നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ ഫെൻസിങിന്റെ രണ്ട് തൂണുകൾ ആന തകർത്തിരുന്നു. ഒരാഴ്ചമുമ്പ് ഫെൻസിങ് കാട്ടാന തകർത്തതോടെ അറ്റകുറ്റപ്പണി നടത്തിയിരുന്നെങ്കിലും ഇതേ ഭാഗം കഴിഞ്ഞ രാത്രിയിൽ വീണ്ടും തകർക്കുകയായിരുന്നു. ഫെൻസിങ്ങിലെ അപാകത പരിഹരിച്ച് വന്യമൃഗ ശല്യം പരിഹരിച്ചില്ലെങ്കിൽ ശക്തമായി പ്രതിഷേധിക്കാനാണ് നാട്ടുകാരുടെ തീരുമാനം.