വയനാട് പൂക്കോട് തടാകം നവീകരണത്തിന്റെ മറവിൽ നടത്തിയ ലക്ഷങ്ങളുടെ തട്ടിപ്പ് കേസ് അട്ടിമറിച്ചെന്ന് ആരോപണം. പായലും ചെളിയും വൃത്തിയാക്കുന്ന പദ്ധതിയുടെ മറവിൽ 2022 ലുണ്ടായ തട്ടിപ്പിലാണ് നടപടി എടുക്കാതെയുള്ള നീക്കം. സിപിഎം ബന്ധമുള്ള ആരോപണവിധേയനെ സംരക്ഷിക്കുകയാണെന്നാണ് ആരോപണം. തട്ടിപ്പിനെ പറ്റിയുള്ള വിജിലൻസ് റിപ്പോർട്ട് മനോരമന്യൂസിനു ലഭിച്ചു..
വയനാട്ടിൽ തന്നെ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന ഇടമാണ് പൂക്കോട് താടാകം. തടാകത്തിനു ഭീഷണിയായ പായലും ചെളിയും നീക്കം ചെയ്യുന്ന ദൗത്യം 2022 ജൂൺ, ജൂലൈ മാസങ്ങളിലായാണ് നടന്നത്. വാപ്കോസ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്ക് കരാർ കൊടുത്ത് പണി തുടങ്ങിയെങ്കിലും ഗുരുതര വീഴ്‌ച വരുത്തിയതായി കണ്ടെത്തിയിരുന്നു. 130000 ക്യൂബിക് ചെളി മാറ്റിയെന്ന് കാണിച്ചു 2 കോടിക്ക് മുകളിൽ പണം കൈപ്പറ്റിയ കരാറുകാരൻ 4000ക്യൂബിക് പോലും മാറ്റിയില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ മൂന്നു വർഷമായിട്ടും ആരോപണ വിധേയനെതിരെ ഒരു നടപടിയും ഉണ്ടായില്ല
ആരോപണം ഉയർന്നതിനു പിന്നാലെ വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോ നടത്തിയ മിന്നൽ പരിശോധനയിൽ ഗുരുതര സാമ്പത്തിക ക്രമക്കേട് നടന്നതായി കണ്ടെത്തിയിരുന്നു. തടാകം പരിശോധിക്കുക പോലും ചെയ്യാതെ പണം അനുവദിച്ചെന്നും തട്ടിപ്പിന് ഉദ്യോഗസ്ഥർ കൂട്ടുനിന്നെന്നും റിപ്പോർട്ട് നൽകിയിട്ടും നാളിതുവരെയായി അനക്കമൊന്നും ഇല്ല.
കരാറുകാരന്റെ സിപിഎം ബന്ധം മൂലം കേസ് ആട്ടിമറിച്ചെന്നാണ് ആരോപണം. ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. വർഷത്തിൽ 10 ലക്ഷത്തോളം സഞ്ചാരികളെത്തുന്ന പൂക്കോട് ഇന്ന് പൂർണമായി നശിച്ച സ്ഥിതിയിലാണ്. 90 ശതമാനവും പായൽ നിറഞ്ഞു. അത്രതന്നെ ചെളിയും.