എഴുപത്തിയഞ്ചിന്‍റെ നിറവിലെത്തിയ ദ്രോണാചാര്യ കെ.പി. തോമസിന്  ശിഷ്യരുടെ ആദരം. പാലാ നഗരസഭ സ്റ്റേഡിയത്തില്‍ മാഷിന്‍റെ ആയിരത്തിലേറെ ശിഷ്യര്‍ ചേര്‍ന്ന് ഗുരുവന്ദനം സംഘടിപ്പിച്ചു. എഴുപത്തിയഞ്ചിന്‍റെ നിറവിലും കേരളത്തിന് ഒരു ഒളിംപിക്സ് മെഡല്‍ എന്ന ലക്ഷ്യവുമായി തോമസ് മാഷ് ഓട്ടം തുടരുകയാണ്.  

കായിക പരിശീലന രംഗത്ത് നാല്‍പത് വര്‍ഷം പിന്നിട്ട ദ്രോണാചാര്യ കെ.പി. തോമസ് ജീവിത ട്രാക്കില്‍ എഴുപത്തിയഞ്ച് പിന്നിട്ടു. അന്നും ഇന്നും മാഷ് ഒറ്റയ്ക്കല്ല. സ്പോര്‍ട്സ് ജീവിതമായി കാണുന്ന ഒരു കൂട്ടം വിദ്യാര്‍ഥികളും കൂടെയുണ്ട്. ഒളിംപ്യന്‍ ഷൈനി വില്‍സന്‍ മുതല്‍ 2017 ജൂനിയര്‍ നാഷനല്‍ മീറ്റില്‍ ഹഡില്‍സ് വെള്ളി മെഡല്‍ നേടിയ അപര്‍ണ നായര്‍ വരെ എത്തി നില്‍ക്കുന്നു അദ്ദേഹത്തിന്‍റെ ശിഷ്യ സമ്പത്ത്. ഇവരുടെ സ്നേഹസമ്മാനമായിരുന്നു ഗുരുവന്ദനം. 

വൈദ്യുതി മന്ത്രി എം.എം. മണി ചടങ്ങ് ഉദ്ഘാടനം ചെയ്തു. തോമസ് മാഷിന്‍റെ ആത്മകഥയുടെ പ്രകാശനം കെ.എം.മാണി എംഎല്‍എയും മന്ത്രിയും ചേര്‍ന്ന് നിര്‍വഹിച്ചു. ജീവിതത്തില്‍ വിലമതിക്കാനാകാത്ത പുരസ്കാരമെന്നാണ് ശിഷ്യരുടെ ഗുരുവന്ദനത്തെ കെ.പി. തോമസ് വിശേഷിപ്പിച്ചത്. കേരളത്തിനൊരു ഒളിംപിക്സ് മെഡല്‍ എന്ന ലക്ഷ്യം മനസിലിട്ട് കുതിക്കുന്ന തോമസ് മാഷിന് സര്‍ക്കാരിനോടും ഒരു അപേക്ഷയുണ്ട്. മെയ്യും മനസും തളരാതെ യുവത്വത്തിന്‍റെ പ്രസരിപ്പുമായി മൈതാനങ്ങളില്‍ നിന്ന് മൈതാനങ്ങളിലേക്ക് മാഷിന്‍റെ കുതിപ്പ് തുടരുകയാണ്.