കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ഇനിയും വൈകും. ബൈപാസ് സഞ്ചാരയോഗ്യമാക്കാന്‍ ഏറ്റവും കുറഞ്ഞത് മൂന്ന് മാസം കൂടിയെങ്കിലും വേണമെന്നാണ് വിലിയിരുത്തല്‍. നിര്‍മാണം വൈകുന്നതിലുള്ള അതൃപ്തി എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. കേന്ദ്ര സംഘത്തെ അറിയിച്ചു.
2017 സെപ്റ്റംബറില്‍ കൊല്ലം ബൈപാസ് തുറക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. പിന്നീടത് ഈ വര്‍ഷം ഓഗസ്റ്റ് ആയി. എന്നാലിപ്പോള്‍ ഓണത്തിന് മുന്‍പും ബൈപാസ് ഉദ്ഘാടനം ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്. ടാറിങ് ജോലികള്‍ ആരംഭിക്കണമെങ്കില്‍ മഴക്കാലം കഴിയണം. അതുകൊണ്ട് നവംബറോടെ മാത്രമേ ബൈപാസ് തുറക്കാനാകു എന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം നിര്‍മാണ പുരോഗതി വിലയിരുത്താന്‍ എത്തിയ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോട് ജോലികള്‍ ഇഴയുന്നതിലുള്ള അതൃപ്തി എന്‍.കെ.പ്രേമചന്ദ്രന്‍ പങ്കുവെച്ചു.
നിര്‍മാണത്തിലിരിക്കേ വിള്ളല്‍ കണ്ടെത്തിയ നീരാവില്‍ പാലത്തിലും കേന്ദ്ര സംഘം പരിശോധന നടത്തി. മേവറം മുതൽ കാവനാട് വരെ പതിമൂന്ന് കിലോമീറ്ററിലാണ് കൊല്ലം ബൈപാസ് വരുന്നത്.