തിരുവനന്തപുരം ചാല പൈതൃക ടൂറിസം പദ്ധതി നിര്‍മ്മാണ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ധാരണ. സെക്രട്ടറിയേറ്റില്‍ നടന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം. നിര്‍മ്മാണ പ്രവൃത്തികള്‍ എത്രയും പെട്ടെന്ന് ആരംഭിക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു.
പൈതൃക പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചാല കൗണ്‍സിലര്‍ കണ്‍വീനറായി വകുപ്പ് ഉദ്യോഗസ്ഥര്‍, വ്യാപാരി സമൂഹം, ചാല പൗര സമിതി എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിക്കും. വ്യാപാരികളുടെ ആശങ്കകള്‍ അകറ്റുന്നതിനായി പദ്ധതിയുടെ രൂപരേഖ ഇവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. നവംബര്‍ 24നു ഉച്ചയ്ക്ക് 12 മണിക്ക് ചാലയിലെ കോര്പ്പറേഷന് ഹാളില്‍ പദ്ധതിയുടെ ആര്‍ക്കിടെക്ട് ശങ്കറാണ് വ്യാപാരികള്‍ക്കായി പദ്ധതിയുടെ രൂപരേഖ അവതരിപ്പിക്കുന്നത്. ഘട്ടം ഘട്ടമായി നടപ്പാക്കുന്ന പദ്ധതിയില്‍ വ്യാപാരസ്ഥാപനങ്ങള്‍ സമയബന്ധിതമായി പുതുക്കി പണിയും. വ്യാപാരികളെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍മ്മാണ പ്രവൃത്തികള്‍ കഴിയുന്നത് വരെ കച്ചവടം നടത്തുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്താനും ഉന്നത തലയോഗത്തില്‍ ധാരണയായിട്ടുണ്ട്.
വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കി പദ്ധതി പൂര്‍ത്തീകരണം സുഗമമാക്കാന്‍ തിരുവനന്തപുരം ജില്ലാകളക്ടര്‍ കോ-ഓര്‍ഡിനേറ്ററായി തിരുവനന്തപുരം കോര്പ്പറേഷന്, ട്രിഡ, കെ.എസ്.ഇ.ബി, ജല അതോറിറ്റി, സ്മാര്‍ട്ട് സിറ്റി, പി.ഡബ്ലിയു.ഡി, ടൂറിസം എന്നീ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംവിധാനം രൂപീകരിച്ച് പ്രവര്‍ത്തിക്കാനും ഇന്നു ചേര്‍ന്ന യോഗം തീരുമാനിച്ചു.