കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്ന പരിഹാരത്തിനായുള്ള മാസ്റ്റര്‍ പ്ലാന്‍ വൈകുന്നു. കരാറെടുത്ത കമ്പനി ഡിപിആര്‍ സമര്‍പ്പിക്കാന്‍ മൂന്നുമാസം കൂടി ആവശ്യപ്പെട്ടു. അതേസമയം പദ്ധതി രേഖ തയാറായാലും ഫണ്ട് സ്വരൂപിക്കുകയെന്നത് സര്‍ക്കാറിന് വലിയ വെല്ലുവിളിയാണ്. 100 കോടി രൂപയാണ് ആദ്യ ഘട്ട വികസനത്തിന് വേണ്ടത്.
2018 ലാണ് മാനസികാരോഗ്യ കേന്ദ്രത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് മാസ്റ്റര്‍ പ്ലാനിനായുള്ള ചര്‍ച്ച തുടങ്ങിയത്. വിശദമായ പദ്ധതി രേഖതയാറാക്കാന്‍ സേലം ആസ്ഥാനമായ മുകേഷ് അസോസിയേറ്റ്സ് എന്ന കമ്പനിയെ ചുമതലപ്പെടുത്തി. നാലു വര്‍ഷം കഴിഞ്ഞിട്ടും കരട് രേഖ തയാറായില്ലെന്നു മാത്രമല്ല നിലവില്‍ മൂന്നുമാസം കൂടി ചോദിച്ചിരിക്കുകയാണ്. പദ്ധതി രേഖ തയാറായാലും സര്‍ക്കാറിന്റെ അംഗീകാരം ലഭിക്കാന്‍ ഇനിയും കാത്തിരിക്കണം.
കഴിഞ്ഞില്ല, പദ്ധതിയുടെ ആദ്യ ഘട്ടം 100 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ്. ഇതിനായുള്ള ഫണ്ട് സര്‍ക്കാറിന്റെ കൈവശമില്ല. പൊതു പങ്കാളിത്തോടെ ഫണ്ട് സ്വരൂപിക്കാനാണ് ലക്ഷ്യമിടുന്നത്.കഴിഞ്ഞ ദിവസം റിമാന്‍ഡു തടവുകാരന്‍ ചാടിപ്പോയ വാര്‍ഡ് 3 ന്റെ കെട്ടിടം, അതിനു മുന്പ് ഒാടു പൊളിച്ചും ചുമരു തുരന്നും അന്തേവാസികള്‍ രക്ഷപ്പെട്ടതും കൊലപാതകം നടന്നതുമായ വാര്‍ഡ് അഞ്ചിന്റെ കെട്ടിടം.
എലി ശല്യത്തില്‍ ബുദ്ധിമുട്ടിയ വാര്‍ഡ് 7 ഇതെല്ലാമാണ് ആദ്യ ഘട്ടത്തില്‍ പുതുക്കി പണിയേണ്ടത്.അതിനൊപ്പം സര്‍ക്കാറിന്റെ ശ്രദ്ധ പതിയേണ്ട വിഷയമാണ് ജീവനക്കാരുടെ കടുത്ത ക്ഷാമം. സുരക്ഷാ വീഴ്ച തുടര്‍ക്കഥായായ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചതും ജീവനക്കാരെ നിയമിക്കാന്‍ നിര്‍ദേശം നല്‍കിയതും. എന്നാല്‍ ഇതില്‍ ഒന്നുപോലും നടന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്നങ്ങളുടെ പേരില്‍ ജീവനക്കാര്‍ പഴികേള്‍ക്കുമ്പോള്‍ ബലമുള്ള കെട്ടിടങ്ങള്‍ ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാതെ എന്തുചെയ്യാന്‍ കഴിയുമെന്ന മറു ചോദ്യമാണ് കേന്ദ്രത്തിനുള്ളില്‍ നിന്ന് ഉയരുന്നത്.