അംഗണവാടികളില്‍ ആയമാരെ നിയമിച്ചതില്‍ ക്രമക്കേട് ആരോപിച്ച് പഞ്ചായത്ത് ഓഫീസ് പൂട്ടിയിട്ട് ആദിവാസി സമരം. തിരുവനന്തപുരം അംബൂരി പഞ്ചായത്ത് ഓഫീസിലെ സെക്രട്ടറിയുള്‍പ്പെടേയുള്ള ജീവനക്കാരെ രാത്രി എട്ടരവരെ ഓഫീസിനകത്ത് പൂട്ടിയിട്ടു. പുതിയ ആയമാരുടെ ലിസ്റ്റ് മരവിപ്പിക്കുമെന്ന് ശിശുക്ഷേമസമിതി ഡയറക്ടര്‍ ഉറപ്പുനല്‍കിയതോടെ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു.
അംബൂരി പഞ്ചായത്തിലെ പുരവിമലയിലെ നാല് അംഗണവാടികളില്‍ ആദിവാസി ആയമാരെ മാറ്റി പുറത്തുനിന്നുള്ളവരെ നിയമിക്കാനുള്ള നീക്കത്തിനെതിരായാണ് സമരം. രണ്ട് ദിവസം മുമ്പ് തുടങ്ങിയ സമരം ഒത്തുതീര്‍ക്കാന്‍ കാട്ടാക്കട ഡി.വൈ.എസ്.പിയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഓഫീസ് പൂട്ടിയിട്ട് സമരം കടുപ്പിച്ചത്.
വൈകിട്ട് ഓഫീസില്‍ നിന്ന് ജീവനക്കാര്‍ മടങ്ങുന്ന സമയത്തായിരുന്നു സമരക്കാര്‍ പൂട്ടിട്ടത്. രാത്രി എട്ടര വരെ സെക്രട്ടറിയുള്‍പ്പെടേയുള്ള എട്ട് ജീവനക്കാര്‍ അകത്ത് കുടുങ്ങി. ഒടുവില്‍ ഒത്തൂതീര്‍പ്പിനായി എം.എല്‍.എയും ശിശുക്ഷേമ സമതി ഡയറക്ടറും ഇടപെടേണ്ടിവന്നു.
പുതിയ ആയമാരെ നിയമിക്കുന്നതിനുള്ള ലിസ്റ്റ് മരവിപ്പിച്ച് നാളെ വൈകിട്ടോടെ ഉത്തരവിറക്കുമെന്ന് ശിശുക്ഷേമ സമിതി ഉറപ്പുനല്‍കി. ഇതോടെ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു. ഉറപ്പ് പാലിച്ചില്ലെങ്കില്‍ ബുധനാഴ്ച രാവിലെ മുതല്‍ സമരം പുനരാരംഭിക്കുമെന്ന് സമര്‍ക്കാര്‍ അറിയിച്ചു.