ആലപ്പുഴ അമ്പലപ്പുഴയില്‍ പതിനൊന്ന് തെരുവുനായ്ക്കള്‍ ചത്തനിലയില്‍. വിഷം കൊടുത്ത് കൊന്നതാണെന്നാണ് പ്രാഥമിക നിഗമനം. വിഷം ഉള്ളില്‍ചെന്ന മറ്റ് രണ്ട് നായ്ക്കള്‍ അവശനിലയിലാണ്.
അമ്പലപ്പുഴ പായല്‍കുളങ്ങര ക്ഷേത്ര മൈതാനത്താണ് തെരുവ് നായ്ക്കളെ ചത്തനിലിയില്‍ കണ്ടെത്തിയത്. 11 നായ്ക്കള്‍ ക്ഷേത്ര മൈതാനത്തിന്റെ സ്റ്റേജിലും പരിസര പ്രദേശങ്ങളിലുമായാണ് ചത്തുകിടന്നത്. ഇന്നലെ രാവിലെ മുതല്‍ ഇവ അവശനിലിയില്‍ ആയിരുന്നു.
ക്ഷേത്ര മൈതാനത്ത് തന്നെയാണ് തെരുവ് നായ്ക്കള്‍ കിടന്നിരുന്നത്. ഉപദ്രവകാരികളല്ലായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയതാകാം എന്നാണ് നിഗമനം. ആരാണ് ഈ ക്രൂരത ചെയ്തതെന്ന കാര്യത്തില്‍ വ്യക്തതയില്ല.
പലയിടത്തായി ചത്തുകിടന്ന നായ്ക്കളെ ക്ഷേത്രം ഭാരവാഹികളും നാട്ടുകാരും ചേര്‍ന്ന് കുഴിച്ചിട്ടു. അക്രമകാരികളായ നായകളെ പ്രതിരേധിക്കാനുള്ള നടപടി സ്വീകരിക്കുന്നതിന് പകരം നിരുപദ്രവകാരികളായ നായകളെ കൊന്നൊടുക്കി എന്ന പ്രതിഷേധവും ഉയരുന്നുണ്ട്.