ആലപ്പുഴ പുറക്കാട് വെള്ളമൊഴുകുന്നതിന് ഉണ്ടായിരുന്ന ടണൽ ദേശീയ പാതാ നിർമാണത്തിന്‍റെ ഭാഗമായി അടച്ചതോടെ ഒറ്റ മഴയിൽ പ്രദേശമാകെ വെള്ളക്കെട്ട്. നിരവധി കുടുംബങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണിപ്പോൾ. 50 വർഷമായി ഉണ്ടായിരുന്ന ടണൽ അടച്ചതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.
ദേശീയപാതയിൽ ആലപ്പുഴ പുറക്കാട് കരൂർ അയ്യൻ കോയിക്കൽ ക്ഷേത്രത്തിന് സമീപമാണ് നാട്ടുകാർ ദുരിതം അനുഭവിക്കുന്നുത്. 50 വർഷമായി വെള്ളമൊഴുകിപ്പോകുന്നതിന് ഉണ്ടായിരുന്ന ടണലാണ് ദേശീയ പാത നവീകരണത്തിന്‍റെ ഭാഗമായി അടച്ചത്. ടണൽ പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രദേശ വാസികൾ ജില്ലാ കലക്ടർക്ക് പരാതി നൽകിയിരുന്നു കഴിഞ്ഞ രാത്രിയിലെ കനത്ത മഴയിൽ പ്രദേശമാകെ വെള്ളത്തിലായി. വെള്ളം ഒഴുകാതെ വന്നതോടെ നിരവധി കുടുംബങ്ങൾക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയായി.
പ്രദേശത്ത് ഓടയ്ക്കായി കുഴിയെടുത്തെങ്കിലു യാഥാർത്ഥ്യമായില്ല. വലിയ കുഴികളിലും വെള്ളം നിറഞ്ഞു. വെളളക്കെട്ടിനെത്തുടർന ഇവിടെയുള്ള പല കുടുംബങ്ങളും വീട് വിട്ട് ബന്ധുവീടുകളിലേക്കും താമസം മാറേണ്ട വന്നു. പരാതിയെത്തുടർന്ന് ദേശീയപാത അധികൃതർ സ്ഥലത്തെത്തി ടണൽ തുറക്കുമെന്ന് ഉറപ്പുനൽകിയിട്ട് മാസങ്ങളായെങ്കിലും നടപടിയായില്ല.