എടത്വ തലവടിയില്‍ കാരിക്കുഴി ചക്കാലപ്പടിക്കല്‍ മുതല്‍ ശാലോം പടി വരെയുള്ള പ്രദേശത്ത് ശുദ്ധജലക്ഷാമം രൂക്ഷം. മൂന്നുമാസമായി വെള്ളം ലഭിക്കുന്നില്ലെന്നും പഞ്ചായത്ത് അധികൃതര്‍ വിഷയത്തില്‍ തിരഞ്ഞുനോക്കുന്നില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. അതേസമയം നീരേറ്റുപുറം വാട്ടര്‍ടാങ്കിലെ സാങ്കേതിക തകരാറാണ് ശുദ്ധജലം എല്ലായിടത്തേക്കും എത്തിക്കാനാകാത്തതിന് കാരണമെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.
നെല്‍പാടങ്ങളാല്‍ ചുറ്റപ്പെട്ട പ്രദേശത്തെ 30ലധികം വീടുകളില്‍ മൂന്നുമാസത്തിന് മുന്‍പുവരെ അര്‍ധരാത്രിയെങ്കിലും വെള്ളം ലഭിക്കുമായിരുന്നു. മൂന്നുമാസം മുന്‍പ് അതും നിന്നു. കൃഷിക്ക് നിലമൊരുക്കാന്‍ പാടം വറ്റിച്ചതിനാല്‍ കിണറുകളും ഉപയോഗശൂന്യമായതോടെയാണ് കുടിവെള്ളക്ഷാമം രൂക്ഷമായത്.
കുടിക്കാനുള്ള വെള്ളം പണം കൊടുത്ത് വാങ്ങണം. കുളിക്കുന്നത് മഴവെള്ളം ശേഖരിച്ചാണ്. ഒരു തുള്ളി വെള്ളമില്ലെങ്കിലും വാട്ടര്‍ചാര്‍ജ് ബില്‍ മുടങ്ങാതെ വരുന്നുണ്ടെന്നും നാട്ടുകാര്‍. ജനസംഖ്യ കൂടിയതോടെ വാട്ടര്‍ടാങ്കില്‍ നിന്നും എല്ലായിടത്തേക്കും വെള്ളമെത്തിക്കാന്‍ ബുദ്ധിമുട്ടായെന്നും ഇടവിട്ട് ഓരോ പ്രദേശത്തും വെള്ളം എത്തിച്ചപ്പോള്‍ പൈപ്പ് തകരാറാകുന്നുമെന്നുമാണ് പഞ്ചായത്ത് മെമ്പറിന്‍റെ വിശദീകരണം. വേനല്‍ കടുക്കുമ്പോള്‍ ശുദ്ധജലക്ഷാമം രൂക്ഷമാകും എന്നിരിക്കെ എത്രയും വേഗം പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.