ആലപ്പുഴ ജില്ലയിൽ സൈബർ- ഓൺ ലൈൻ തട്ടിപ്പുകൾ മുൻ വർഷത്തെ അപേക്ഷിച്ച് മൂന്ന് ഇരട്ടിയോളം വർധിച്ചു. 34 കോടിയിലധികം രൂപ ഈ വർഷം ജില്ലയിൽ തട്ടിപ്പുകളിൽ കുടുങ്ങിയവർക്ക് നഷ്ടമായി. തട്ടിപ്പിൽ വീഴാതിരിക്കാൻ ജാഗ്രത വേണമെന്ന് ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രൻ മുന്നറിയിപ്പ് നൽകി.
ആലപ്പുഴയിൽ കഴിഞ്ഞവർഷം 94 സൈബർ കേസുകൾ മാത്രമാണ് റജിസ്റ്റർ ചെയ്തത്. എന്നാൽ ഈ വർഷം ഇതുവരെ 251 കേസുകൾ ഉണ്ടായെന്നാണ് പൊലിസിന്‍റെ കണക്ക്..വിവിധ കേസുകളിലായി ജില്ലയിൽ 58 പേരെ അറസ്റ്റ് ചെയ്തു. 2023 ൽ ജില്ലയിൽ ലഭിച്ച ഓൺലൈൻ തട്ടിപ്പ് പരാതികളുടെ എണ്ണം 1028 ആണ്. 2022 ൽ ഇത് 546 ആയിരുന്നു. ഈ വർഷം സൈബർ തട്ടിപ്പിലൂടെ 34.53 കോടി രൂപ ആളുകൾക്ക് ആലപ്പുഴ ജില്ലയിൽ നഷ്ടപ്പെട്ടു.
പരാതികളിൽ പലതും കോടതിക്ക് പുറത്തുവച്ച് തന്നെ തീർക്കുന്നതിനാൽ പൊലിസിന് ഒന്നും ചെയ്യാൻ സാധിക്കാറില്ല.തട്ടിപ്പിന് ഇരയായാൽ പരമാവധി ഒരു മണിക്കൂറിനകം തന്നെ 1930 എന്ന നമ്പറിലോ സൈബർ ക്രൈം വിഭാഗത്തിന്‍റെ വെബ്‌സൈറ്റ് മുഖേനയോ പോലീസിനെ വിവരം അറിയിക്കണം.
ചേർത്തല സ്വദേശികൾക്ക് നിക്ഷേപ തട്ടിപ്പിലൂടെ 7.55 കോടി രൂപ നഷ്ടമായി.സംസ്ഥാനത്തു തന്നെ നടന്ന ഏറ്റവും വലിയ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ ഒന്നാണിത്. മാന്നാർ സ്വദേശിക്കും കോടികൾ നഷ്ടപ്പെട്ടു.വെൺമണി സ്വദേശിക്ക് നിക്ഷേപ തട്ടിപ്പിലൂടെ 1.30 കോടി രൂപയാണ് നഷ്ടപ്പെട്ടത്. ചെങ്ങന്നൂർ സ്വദേശിക്ക് ഓൺലൈൻ ട്രേഡിങ്ങിലൂടെ 99 ലക്ഷം രൂപ നഷ്ടപ്പെട്ടു.ട്രായി ഉദ്യോഗസ്ഥൻ ചമഞ്ഞും ചേർത്തല സ്വദേശിയെ തട്ടിപ്പിനിരയാക്കിയിരുന്നു. ഈ വർഷം മാത്രം സംസ്ഥാനത്ത് സൈബർ തട്ടിപ്പിലൂടെ 657 കോടി രൂപയാണ് നഷ്ടപ്പെട്ടത്.