ആലപ്പുഴയിൽ ഗർഭകാല ചികിത്സാ പിഴവിനെ തുടർന്ന് വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്‍റെ തുടർചികിൽസ പൂർണ്ണമായും സൗജന്യമാക്കാൻ നിർദ്ദേശം. ആലപ്പുഴയിൽ താലൂക്ക്തല കരുതലും കൈത്താങ്ങും അദാലത്തിൽ കുഞ്ഞിന്‍റെ മാതാവ് എത്തിയപ്പോഴായിരുന്നു മന്ത്രി സജി ചെറിയാന്‍റെ ഉറപ്പ്. കുഞ്ഞ് ജനിച്ച് രണ്ട് മാസമാകാറായിട്ടും സൗജന്യ ചികിത്സ സംബന്ധിച്ച് അറിയിപ്പൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് അദാലത്തിൽ കുഞ്ഞുമായി എത്തി അമ്മ സുറുമി പരാതി നൽകിയത്.
ആലപ്പുഴ സ്വദേശികളായ അനീഷ് മുഹമ്മദ് സുറുമി ദമ്പതികൾക്ക് വൈകല്യങ്ങളോടെ കുഞ്ഞു പിറന്നിട്ട് ഈ മാസം എട്ടിന് രണ്ടു മാസം തികയും. ഗർഭകാല ചികിത്സ പിഴവാണ് കുഞ്ഞിന് വൈകല്യങ്ങൾ ഉണ്ടാകാൻ കാരണ മെന്നാണ് ആരോപണം. വിവാദം ശക്തമായതോടെ കുഞ്ഞിന് സൗജന്യ ചികിത്സ നൽകുമെന്ന് ആരോഗ്യ മന്ത്രി പ്രഖ്യാപിച്ചു കുഞ്ഞിനെ പരിശോധിക്കാനും അന്വേഷണത്തിനുമായി ആലപ്പുഴയിലേക്ക് വിദഗ്ധ സംഘത്തെയും അയച്ചു .എന്നാൽ ഒന്നരമാസം കഴിഞ്ഞിട്ടും കുഞ്ഞിന്‍റെ തുടർചികിത്സ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചില്ല. കുഞ്ഞിന്‍റെ ചികിത്സ സംബന്ധിച്ച് യാതൊരു നടപടിയും ആകാത്ത സാഹചര്യത്തിലാണ് ആലപ്പുഴയിൽ നടന്ന കരുതലും കൈത്താങ്ങും അദാലത്തിൽ കുഞ്ഞുമായി അമ്മ സുറുമി എത്തിയത്. പരാതി കേട്ട മന്ത്രി സജി ചെറിയാൻ കുഞ്ഞിന്‍റെ തുടർ ചികിത്സ പൂർണമായും സൗജന്യമാക്കുമെന്ന് ഉറപ്പ് നൽകി
മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സയാണ് ആവശ്യമെന്നും ഇത് ഉറപ്പാക്കുന്നതിന് ഡിഎംഒയെ ചുമതലപ്പെടുത്തിയതായും മന്ത്രി സജി ചെറിയാൻ അറിയിച്ചു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പീഡിയാട്രിക് സർജൻ ഇല്ലാത്തതിനാൽ കുഞ്ഞിന്റെ വിദഗ്ധചികിത്സ മറ്റേതെങ്കിലും ആശുപത്രിയിലാക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. രലസ7ചികിൽസാ പിഴവിന് കാരണക്കാരായ ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചിരുന്നു.