ഹരിതവിപ്ളവ നായകൻ ഡോ.എം.എസ്.സ്വാമിനാഥന്റെ ജൻമശതാബ്ദിയോടനുബന്ധിച്ച് കർഷകരും കാർഷിക ശാസ്ത്രജ്ഞരും വിദഗ്ധരും ഒത്തു ചേർന്നു. 2375 കോടിയുടെ വിപുലമായ കാർഷിക വികസന പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുമെന്ന് മന്ത്രി പി.പ്രസാദ് പ്രഖ്യാപിച്ചു.
എം.എസ്.സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനും കേരള കാർഷിക സർവകലശാലയും ചേർന്ന് മലയാള മനോരമ കർഷകശ്രീ മാസികയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
കുട്ടനാട്ടുകാരനായ ഹരിത വിപ്ളവനായകൻ ഡോ. എം എസ് സ്വാമിനാഥൻ കാർഷിക മേഖലയ്ക്ക് നൽകിയ സംഭാവനകൾ അനുസ്മരിച്ചാണ് മനം നിറയെ നന്ദിയുമായി കർഷക പ്രതിനിധികൾ ഒത്തുചേർന്നത്. കുട്ടനാടിനെ ഇന്ത്യയിലെ രണ്ടാമത്തെ ലോകകാർഷിക പൈതൃകമേഖലയായി ഉയർത്താൻ ഡോ. സ്വാമിനാഥൻ നടത്തിയ പരിശ്രമങ്ങൾ എല്ലാവരും ഓർത്തെടുത്തു. ജൻമനാടായ മങ്കൊമ്പിൽ ഡോ. എം എസ് സ്വാമിനാഥൻ്റെ പേരിലുള്ള നെല്ലു ഗവേഷണ കേന്ദ്രത്തിലാണ് ചടങ്ങ് നടന്നത്.
ലോകബാങ്ക് സഹായത്തോടെയുള്ള 2375 കോടി രൂപയുടെ കാർഷിക വികസന പദ്ധതി ഉടൻ പ്രഖ്യാപിക്കുമെന്ന് മന്ത്രി പി.പ്രസാദ് അറിയിച്ചു.500 കോടി നെൽകൃഷിക്ക് മാറ്റി വച്ചിരിക്കുന്നതിൽ കുട്ടനാടിന് നല്ല വിഹിതം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.കൊടിക്കുന്നിൽ സുരേഷ് എം പി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കാർഷിക പൈതൃക മേഖലയായി പ്രഖ്യാപിച്ച കുട്ടനാടിനുള്ള യു എൻ അംഗീകാരത്തിൻ്റെ രേഖ സംസ്ഥാന സർക്കാരിനു വേണ്ടി മന്ത്രി പി.പ്രസാദ് ഏറ്റുവാങ്ങി. എം എസ് സ്വാമി നാഥൻ ഫൗണ്ടേഷൻ അധ്യക്ഷ ഡോ. സൗമ്യനാഥൻ സർട്ടിഫിക്കറ്റ് കൈമാറി. മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു പ്രഭാഷണം നടത്തി. വിവിധ മേഖലകളിലെ വിദഗ്ധർ, കാർഷിക ശാസ്ത്രജ്ഞർ കർഷക പ്രതിനിധികൾ തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. കുട്ടനാട്ടിലെ കായൽ പ്രദേശങ്ങളിൽ വിളയുന്ന നാളികേരത്തിൻ്റെ മൂല്യവർധിത ബ്രാൻഡായ കേരസരസ് കലക്ടർ അലക്സ് വർഗീസ് പ്രകാശനം ചെയ്തു. സ്വാമിനാഥൻ്റെ ജൻമശതാബ്ദിയോടനുബന്ധിച്ച് ഓഗസ്റ്റ് വരെ വിവിധ പരിപാടികൾ രാജ്യ വ്യാപകമായി സംഘടിപ്പിക്കും.