ചേർത്തലയിൽ അർധരാത്രിയിൽ പിഞ്ചുകുഞ്ഞിനെ സ്കൂട്ടറിന്‍റെ പിന്നിൽ നിർത്തി അപകട യാത്ര. ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. മകളുമായി അപകടയാത്ര നടത്തിയ യുവാവിന്‍റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. നേരത്തെ മദ്യപിച്ച് വാഹനമോടിച്ചതിന് രണ്ടു തവണ യുവാവിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ രാത്രി പതിനൊന്നരയോടെയാണ് ചേർത്തല 11-ാം മൈൽ - ഭജനമഠം റോഡിൽ മൂന്നു വയസുള്ള മകളുമായി യുവാവിന്‍റെ സ്കൂട്ടർ യാത്ര. മുട്ടത്തിപ്പറമ്പിൽ താമസിക്കുന്ന ഇടുക്കി സ്വദേശി ഡെന്നി ബേബിയായായിരുന്നു സ്കൂട്ടർ ഓടിച്ചത്. സ്കൂട്ടറിൽ നിന്ന പിഞ്ചുകുഞ്ഞ് സ്കൂട്ടർ ഓടിച്ചയാളുടെ കഴുത്തിൽ മാത്രമാണ് പിടിച്ചിരുന്നത്. സ്കൂട്ടർ പെട്ടെന്ന് ബ്രേക്കിടുകയോ വണ്ടി ഗട്ടറിൽ വീഴുകയോ ചെയ്താൽ കുട്ടിക്ക് അപകടം ഉണ്ടാകുന്ന നിലയിലായിരുന്നു കുട്ടി സ്കൂട്ടറിൽ നിന്നത്.
പിന്നിലെ വാഹനത്തിലുണ്ടായിരുന്ന മുട്ടത്തിപ്പറമ്പ് സ്വദേശി ജോമോൻ യുവാവിന്‍റെ അപകടയാത്ര ചിത്രീകരിച്ച് എം വി ഡി ആപ്പിൽ ഇട്ടു. ദൃശ്യം പകർത്തിയ ജോമോൻ ഫെയ്സ് ബുക്കിലും കുറിപ്പിട്ടു. ഇതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി ലൈസൻസ് റദ്ദാക്കാൻ നടപടി തുടങ്ങിയത്.
മദ്യപിച്ച് വാഹനമോടിച്ചതിന് ഇയാളുടെ ലൈസൻസ് മാവേലിക്കര ജോയിന്‍റ് ആർടിഒ മുൻപ് രണ്ട് തവണ സസ്പെൻഡ് ചെയ്തിരുന്നു . ജൂൺവരെ സസ്പെൻഷൻ കാലാവധിയുള്ളപ്പോഴാണ് വീണ്ടും അപകട യാത്ര നടത്തിയത്.