കൊയ്ത്തു കഴിഞ്ഞു ദിവസങ്ങൾ പിന്നിട്ടിട്ടും ആലപ്പുഴ പുന്നപ്ര വെട്ടിക്കരി പാടത്ത് നെല്ല് സംഭരണം നടന്നില്ല. ഇടവിട്ട് പെയ്യുന്ന വേനൽ മഴയും ഭീഷണിയാണ് .20 ലക്ഷത്തിലധികം രൂപയുടെ നെല്ലാണ് പാടത്ത് കെട്ടിക്കിടക്കുന്നത്.
480 ഏക്കറുള്ള പുന്നപ്ര വെട്ടിക്കരി പാടശേഖരത്ത് 235 കർഷകരാണുള്ളത്. ദിവസങ്ങൾക്ക് മുൻപ് ഇവിടെ കൊയ്ത്ത് പൂർത്തിയാക്കി.കൊയ്ത നെല്ലെല്ലാം പാടശേഖരത്തിൻ്റെ പല ഭാഗങ്ങളിലായി കുട്ടിയിട്ടിരിക്കുകയാണ്..ഈ പാട ശേഖരത്തിലെ നെല്ലെടുക്കാൻ സപ്ലൈകോ 3 മില്ലുകളെയാണ് ചുമതലപ്പെടുത്തിയത്.ഇതിൽ ഒരു മില്ല് തുടക്കത്തിൽത്തന്നെ സംഭരണത്തിൽ നിന്ന് പിൻമാറി. മറ്റ് രണ്ട് മില്ലുകാരിൽ ഒരു മില്ലിൻ്റെ ഏജൻ്റ് ഇവിടെയെത്തി നെല്ല് നോക്കിയ ശേഷം മടങ്ങിപ്പോയി. സംഭരിക്കുന്ന കാര്യത്തിൽ തീരുമാനവുമായിട്ടില്ലെന്നാണ് കർഷകർ പറയുന്നത്.
20 ലക്ഷത്തിൽ പരം രൂപ വിലവരുന്ന 700 ക്വിൻ്റൽ നെല്ലാണ് മഴ ഭീഷണിയിൽ പാടശേഖരത്ത് വിവിധയിടങ്ങളിലായി കുട്ടിയിട്ടിരിക്കുന്നത്. ഉപ്പുവെള്ള ഭീഷണിക്കിടെയാണ് കർഷകർ മാസങ്ങൾ നീണ്ട അധ്വാനത്തിനൊടുവിൽ കൃഷി പൂർത്തിയാക്കിയത് ഈർപ്പത്തിൻ്റെ പേരിൽ കിഴിവ് കൂടുതൽ ആവശ്യപ്പെടാനുള്ള ഏജൻ്റുമാരുടെ തന്ത്രങ്ങളുടെ ഭാഗമായാണ് സംഭരണം വൈകിക്കുന്നതെന്ന് കർഷകർ പറയുന്നു. ഏക്കറിന് നാൽപ്പതിനായിരം രൂപയോളം ചിലവിട്ടാണ് കൃഷിയിറക്കിയത്. മഴയുടെ പേരിൽ കൂടുതൽ കിഴിവ് വാങ്ങാനുള്ള നീക്കത്തിന് സപ്ലൈകോ ഉദ്യോഗസ്ഥരും കൂട്ടുനിൽക്കുകയാണെന്ന് സംശയമുണ്ട്